മഹാത്മാഗാന്ധി പഠിച്ചത് ലണ്ടനില്‍, മലയാളി വിദ്യാര്‍ത്ഥികളുടെ വിദേശ കുടിയേറ്റത്തെ ന്യായീകരിച്ചു മന്ത്രി ബിന്ദു
വിദേശ സര്‍വകലാശാലകളിലേക്കുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയായതായി കണ്ടെത്തിയെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നുമാണ് കുഴല്‍നാടന്റെ ആവശ്യം. എന്നാല്‍ ഇതിന് മന്ത്രി ആര്‍ ബിന്ദുവിന്റെ മറുപടിയായിരുന്നു ശ്രദ്ധേയം. വിദേശത്ത് ഉപരിപഠനത്തിന് പോകുന്നത് കുറ്റമല്ലെന്നും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി അടക്കമുള്ളവര്‍ വിദേശത്താണ് പഠിച്ചതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
നോര്‍ക്കയുടെ മൈഗ്രേഷന്‍ സര്‍വേ ചൂണ്ടിക്കാട്ടിയാണ് 5 വര്‍ഷത്തിനുള്ളില്‍ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയായതായി കുഴ്നാടാണ് ചര്‍ച്ച ആവശ്യപ്പെട്ടത്. ഇവിടെ നിന്ന് എങ്ങനെയെങ്കിലും കടന്നു പോകണം എന്ന് ചിന്തിക്കുന്നവരാണ് പുതിയ തലമുറ. പുതിയ തലമുറ ആഗ്രഹിക്കുന്ന ഒരു ജീവിതം അവര്‍ക്ക് നല്‍കാനാകുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് ഇന്നത്തെ കാലത്ത് എഴുത്തും വായനയും അറിയില്ല എന്ന മന്ത്രിയുടെ പ്രസ്താവന ശരിയാണ്. അതിനെ തിരുത്തുകയാണ് മറ്റുള്ളവര്‍ ചെയ്തത്. വിദ്യാഭ്യാസ രംഗത്തെ ഇത്തരം പ്രശ്നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യണമെന്നും മാത്യു കുഴല്‍ നാടന്‍ പ്രതികരിച്ചു.
എന്നാല്‍ സ്റ്റുഡന്‍സ് മൈഗ്രേഷന്‍ ഒരു ആഗോള പ്രതിഭാസമാണെന്ന് ആര്‍ ബിന്ദു മറുപടി നല്‍കി. വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്നും മഹാത്മാഗാന്ധി വരെ പുറത്താണ് പഠിച്ചതെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ താരതമ്യേന കുറഞ്ഞ വിദ്യാര്‍ത്ഥി കുടിയേറ്റം കേരളത്തിലാണ്. ഇന്ത്യയിലെ ആകെ കുടിയേറ്റത്തിന്റെ നാല് ശതമാനം മാത്രമാണ്. വിദ്യാഭ്യാസത്തിനൊപ്പം തൊഴിലാണ് ആകര്‍ഷിക്കുന്ന ഘടകം. കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് ഒരു തകര്‍ച്ചയുമില്ല. രാജ്യാന്തര തലത്തില്‍ സര്‍വകലാശാലയുടെ കീര്‍ത്തി വര്‍ധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നെഹ്റുവും അംബേദ്കറും ഇന്ദിരാഗാന്ധിയും വി.കെ. കൃഷ്ണമേനോനും ലണ്ടനിലാണ് പഠിച്ചത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കെയ്റോ യൂണിവേഴ്സിറ്റിയിലാണ് പഠിച്ചത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ മികവ് തന്നെയാണ് വിദ്യാര്‍ഥികളുടെ മൈഗ്രേഷന് അവരെ സഹായിക്കുന്നത് എന്നാണ് മന്ത്രി പറഞ്ഞത്.
വിദേശ രാജ്യത്ത് ലോ ഇന്‍കം ജോലിക്കാണ് പോകുന്നതെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പുറത്ത് പോയി പഠിക്കട്ടെ, അവര്‍ രാജ്യത്തിന് സംഭാവനകള്‍ നല്‍കട്ടെ. ചര്‍ച്ചയുടെ ആവശ്യമില്ലെന്നും പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി ചര്‍ച്ച ചെയ്ത കാര്യമാണെന്നും മന്ത്രി പറഞ്ഞു.
ഒരു സാമൂഹ്യപ്രശ്നം എത്ര ലാഘവത്തോടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കൈകാര്യം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. കേരളത്തിലെ 10 സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ ഇല്ല. കോളേജുകളില്‍ പ്രിന്‍സിപ്പാളുമില്ല. ഡിഗ്രി പോസ്റ്റ് ഗ്രാജുവേഷന്‍ സീറ്റുകള്‍ എല്ലാം കുട്ടികളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണെന്നും സതീശന്‍ പറഞ്ഞു. നിലവാരമില്ലാത്ത സ്വാശ്രയ കോളേജുകള്‍ മുന്‍ സര്‍ക്കാര്‍ അനുവദിച്ചുവെന്നും അതാണ് പൂട്ടി പോകുന്നതെന്നും മന്ത്രി മറുപടി പറഞ്ഞതോടെ സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.