യു കെയില്‍ എത്തി അര നൂറ്റാണ്ട് പിന്നിട്ടിട്ടും പിആര്‍ ലഭിക്കാതെവന്ന ആഫ്രിക്കക്കാരന് ഒടുവില്‍ ഹോം ഓഫീസ് പിആര്‍ നല്‍കി. പ്രദേശവാസികള്‍ക്കെല്ലാം പ്രിയങ്കരനായിരുന്ന, മുന്‍ ന്യൂസ് ഏജന്റിന് ഹോം ഓഫീസ് പി ആര്‍ നിഷേധിച്ചത് ഏറെ വിവാദമായിരുന്നു. യു കെയില്‍ എത്തി 50 വര്‍ഷം കഴിഞ്ഞപ്പോഴാണ് നെല്‍സണ്‍ ഷാര്‍ഡേ എന്ന 75 കാരന് പി ആര്‍ നല്‍കാന്‍ ഹോം ഓഫീസ് തീരുമാനിച്ചത്.
1977 ല്‍ യു കെയില്‍ എത്തി മേഴ്സിസൈഡില്‍ താമസമാക്കിയ വ്യക്തിയാണ് ഇദ്ദേഹം. വിറാലില്‍ 31 വര്‍ഷത്തോളം നെല്‍സണ്‍ ന്യൂസ് എന്ന ഷോപ്പും ഇയാള്‍ നടത്തിയിരുന്നു. എങ്കിലും യു കെ യില്‍ സ്ഥിരമായി താമസിക്കുന്നതിനുള്ള അനുമതി ഇദ്ദേഹത്തിന് നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ നെല്‍സണ്‍ നിയമനടപടി സ്വീകരിച്ചിട്ടുമുണ്ട്. നെല്‍സണ്‍ ഷാര്‍ഡെ നല്‍കിയ കേസില്‍ വരുന്ന ശരത്ക്കാലത്ത് കോടതി വിധി വരാനിരിക്കെയാണ്, ഇയാള്‍ക്ക് ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ നല്‍കാന്‍ തീരുമാനിച്ചതായി ഹോം ഓഫീസ് അറിയിച്ചിരിക്കുന്നത്. ചില അസാധാരണ സാഹചര്യങ്ങളാലാണ് ഇത്തരമൊരു തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു.
ഈ ഉത്തരവു വന്നതോടെ തനിക്ക് സന്തോഷത്തോടെ പുറത്തിറങ്ങി നടക്കാമെന്നും, മക്കളെയും, മറ്റ് ബന്ധുക്കളെയും നാട്ടുകാരെയും കാണാമെന്നുമായിരുന്നു നെല്‍സണ്‍ ഷാര്‍ഡേ പ്രതികരിച്ചത്. വളരെയേറെ ആശ്വാസം തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ സമാനമായ സാഹചര്യത്തില്‍ ഉള്ളവര്‍ക്ക്, അവര്‍ സുതാര്യതയിലും നീതിയിലും വിശ്വസിക്കുന്നുവെങ്കില്‍ ലക്ഷ്യം നേടാനാകുമെന്നാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 28 വയസ്സുള്ളപ്പോള്‍ ഘാനയില്‍ നിന്നും സ്റ്റുഡന്റ് വിസയില്‍ യു കെയില്‍ എത്തിയതായിരുന്നു നെല്‍സണ്‍. 2019 ല്‍ അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി ഘാനയിലേക്ക് പോകാനായി വിസക്ക് അപേക്ഷിച്ചപ്പോഴായിരുന്നു ബ്രിട്ടീഷ് പൗരത്വം ഇല്ലെന്നറിയുന്നത്.
എന്നാല്‍, മോര്‍ട്ട്‌ഗേജുകള്‍ ലഭിക്കുകയും, നികുതി അടക്കുകയും, ജൂറി സര്‍വ്വീസ് അടക്കം രാജ്യത്തോട് ഉള്ള എല്ലാ ഉത്തരവാദിത്തവും പൂര്‍ത്തിയാക്കിയ നെല്‍സന്റെ പൗരത്വത്തെ കുറിച്ച് സംശയിക്കാന്‍ ഒരു കാരണവുമില്ല എന്നാണ് മക്കളായ ആരോണും ജേക്കബും പറയുന്നത്. മാത്രമല്ല, യു കെയില്‍ വെച്ചായിരുന്നു ഇയാള്‍ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് പി ആര്‍ ലഭിക്കുവാന്‍ 10 ഇയര്‍ റൂട്ട് സ്വീകരിക്കാന്‍ ഹോം ഓഫീസ് ആവശ്യപ്പെടുന്നത്. വിസ ഫീസ് ആയി മാത്രം ആയിരക്കണക്കിന് പൗണ്ട് ചെലവഴിക്കേണ്ട ഒരു പ്രക്രിയ ആണിത്.