നടുക്കുന്ന കാഴ്ചകളുമായി വയനാട്ടിലെ ദുരന്തഭൂമി; മരണസംഖ്യ മുന്നൂറിലേയ്ക്ക്; ഇരുന്നൂറിലേറെപ്പേര്‍ കാണാമറയത്ത്
ഉരുള്‍പൊട്ടലുണ്ടായി മൂന്നു ദിവസം പിന്നിട്ടിട്ടും വയനാട്ടിലെ മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തിലും രക്ഷാ പ്രവര്‍ത്തനം കഠിനം. കൂറ്റന്‍ കല്ലുകളും തടിയും കെട്ടിടാവശിഷ്ടങ്ങളും മൂലം പരിശോധന വളരെ ശ്രമകരമാണ്. വീടുകള്‍ അപ്പാടെ മണ്ണിനടിയിലായതോടെ അവ എവിടെയാണെന്ന് പോലും തിരിച്ചറിയാനാവാത്ത സ്ഥിതി.
ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍ പൊട്ടലില്‍ മരണസംഖ്യ മുന്നൂറിലേയ്ക്ക് നീങ്ങുകയാണ് 277 മൃതദേഹങ്ങള്‍ കണ്ടെത്തി . 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്നാം ദിവസം രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കുന്നുണ്ട്.
മുണ്ടക്കൈയില്‍ നിലവില്‍ പതിനഞ്ച് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് തിരച്ചില്‍ പുരോഗമിക്കുകയാണ്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. രക്ഷാദൗത്യം കൂടുതല്‍ വേഗത്തിലാക്കാന്‍ ദുരന്ത മുഖത്തേയ്ക്ക് ഇനിയും കൂടുതല്‍ യന്ത്രങ്ങളെത്തിക്കും. കൂടുതല്‍ കട്ടിംഗ് മെഷീനുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉടന്‍ എത്തിക്കും.
കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നവരെ യന്ത്ര സഹായത്തോടെ മാത്രമേ നിലവില്‍ കണ്ടെത്താന്‍ സാധിക്കൂ. മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താന്‍ പരിശീലനം നേടിയ നായകളെയും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. ബെയ്‌ലി പാലം ഉച്ചയോടെ പൂര്‍ത്തിയാവും. രാവിലെ പുതിയൊരു ഒരു നടപ്പാലവും സൈന്യം പ്രവര്‍ത്തന ക്ഷമമാക്കി. അതോടെ ആളുകള്‍ക്കു മുണ്ടക്കൈയിലൈക്ക് പോകാനും മൃതദേഹങ്ങള്‍ വാദത്തിന്റെ സഹായമില്ലാതെ ഇക്കരെയെത്തിക്കാനും സാധിക്കുന്നുണ്ട്.
പ്രദേശത്ത് ഇന്ന് മഴ കുറഞ്ഞതും പുഴയിലെ ഒഴുക്ക് നേരിയ തോതില്‍ ശമിച്ചതും രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നുണ്ട്. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനം ഏറെ അപകടം നിറഞ്ഞതാണ്. അപകടം മുന്നില്‍കണ്ട് ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ ദൗത്യത്തില്‍ തുടരുന്നത്. നിലവില്‍ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8302 പേരുണ്ട്.
മുണ്ടക്കൈയെ ചൂരല്‍മലയുമായി ബന്ധിപ്പിക്കുന്ന ബെയ്ലി പാലം ഇന്നു സൈന്യം തുറന്ന് നല്‍കും. ലൈറ്റിന്റെ വെട്ടത്തില്‍ ഇന്നലെ അര്‍ദ്ധരാത്രിയും ജോലികള്‍ നടത്തിയാണ് പാലം നിര്‍മാണം വേഗത്തിലാക്കിയത്. നേരത്തെ ഉണ്ടായിരുന്ന പാലത്തിന്റെ അതേ സ്ഥാനത്താണ് ബെയ്ലിപാലം തയാറാക്കുന്നത്.
പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മുണ്ടക്കൈ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുതിയവേഗം കൈവരിക്കും. ഭാരമേറിയ യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെ മുണ്ടക്കൈയിലെത്തിച്ച് തിരച്ചില്‍ നടത്തുമ്പോള്‍ കൂടുതല്‍പേരെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തേ ഇവിടെയുണ്ടായിരുന്ന പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നതോടെ പുഴയ്ക്ക് കുറുകെ വടംകെട്ടിയും താത്കാലിക പാലം സ്ഥാപിച്ചുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
190 അടിയാണ് ചൂരല്‍മലയില്‍ നിര്‍മ്മിക്കുന്ന ബെയ്ലി പാലത്തിന്റെ നീളം. 24 ടണ്‍ ഭാരം വഹിക്കാന്‍ പാലത്തിന് കഴിയും. നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിര്‍മിക്കുന്നത്. സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗമാണ് പാലം നിര്‍മ്മിക്കുന്നത്. ഡല്‍ഹിയില്‍നിന്നും ബെംഗളൂരുവില്‍നിന്നുമാണ് പാലം നിര്‍മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിച്ചത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് വയനാട്ടില്‍ സര്‍വ്വകക്ഷി യോഗം ചേരും. ലോക്‌സഭ പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട് സന്ദര്‍ശിക്കും. ദുരിതാശ്വാസ ക്യാമ്പുകളും ദുരന്ത ഭൂമിയും സന്ദര്‍ശിച്ച ശേഷമാകും മടക്കം.