ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട്ടിലെ ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. കെസി വേണുഗോപാല്‍, വിഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം രാഹുലും പ്രിയങ്കയും ചൂരല്‍മലയിലെ രക്ഷാപ്രവര്‍ത്തനം നടക്കുന്ന സഥലങ്ങള്‍ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് തടസമാകാത്ത രീതിയില്‍ പത്ത് മിനിറ്റ് നേരം മാത്രമാണ് ഇരുവരും ദുരന്ത ഭൂമിയില്‍ ചെലവഴിച്ചത്.
മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങിയ നേതാക്കള്‍ ചൂരല്‍മലയില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ചികിത്സയിലുള്ളവരുടെ അരികിലേക്കുമാണ് പുറപ്പെട്ടത്. ക്യാമ്പുകളിലാണ് ഇരുവരും കൂടുതല്‍ സമയം ചെലവഴിച്ചത്.
പിതാവ് മരിച്ചപ്പോള്‍ അനുഭവപ്പെട്ടതിന് സമാനമാണ് ഇപ്പോഴത്തെ മാനസികാവസ്ഥയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ഇത് ദേശീയ ദുരന്തമാണ്. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ എന്താണ് പറയുന്നതെന്ന് നോക്കാം. ആരേയും കുറ്റപ്പെടുത്താനോ രാഷ്ട്രീയ വിഷയങ്ങള്‍ പറയാനോ ഉള്ള സ്ഥലമല്ലിത്. ഇവിടെയുള്ളവര്‍ക്ക് സഹായം ആവശ്യമാണെന്നും രാഷ്ട്രീയം പറയാന്‍ താത്പര്യമില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ദുരന്തം അതിജീവിച്ചവര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കണം, രാഹുല്‍ ഗാന്ധി പറഞ്ഞു. ഇവിടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, വോളണ്ടിയര്‍മാര്‍. ഭരണകൂടം എല്ലാവരോടും നന്ദി പറയുന്നു. എനിക്ക് അഭിമാനമുണ്ട്, രാഹുല്‍ വ്യക്തമാക്കി.