സമ്മര്‍ദത്തില്‍ ജോലി ചെയ്ത് അവശരാകുന്നതായി പരാതിപ്പെട്ട് പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കുന്നത് അഞ്ചിലൊന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാരെന്ന് സര്‍വ്വെ. കഴിഞ്ഞ വര്‍ഷം സമ്മര്‍ദം മൂലം ഏകദേശം 23 ശതമാനം ഡോക്ടര്‍മാരാണ് ഓഫെടുത്തത്. അതേസമയം 41 ശതമാനം പേര്‍ ഓവര്‍ടൈം ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും സര്‍വ്വെ പറയുന്നു.
ജോലിസ്ഥലത്ത് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുന്നതായി മൂന്നിലൊരാള്‍ വ്യക്തമാക്കി. ഈ സ്ഥിതിവിശേഷം തുടര്‍ന്നാല്‍ ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ, രോഗികള്‍ അപകടത്തിലാകുമെന്ന് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ പറഞ്ഞു. 4288 ഡോക്ടര്‍മാരുടെ പ്രതികരണങ്ങള്‍ പരിശോധിച്ചാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.
ശമ്പളത്തിന്റെയും, തൊഴില്‍സാഹചര്യങ്ങളുടെയും പേരില്‍ കഴിഞ്ഞ 18 മാസക്കാലമായി എന്‍എച്ച്എസിലെ ഓരോ വിഭാഗം ഡോക്ടര്‍മാരും സമരം നടത്തിയിരുന്നു. ജൂനിയര്‍ ഡോക്ടര്‍മാര്‍ 11 തവണ പണിമുടക്കിയപ്പോള്‍, കണ്‍സള്‍ട്ടന്റുമാര്‍ ഇത് നാല് തവണ ആവര്‍ത്തിച്ചു. ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇപ്പോഴും ഗവണ്‍മെന്റുമായി ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ല.
ജിപി സേവനങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ബിഎംഎ ജിപിമാര്‍ വോട്ട് ചെയ്തിരുന്നു. സ്വന്തം ആരോഗ്യം സംരക്ഷിക്കാനാണ് ഡോക്ടര്‍മാര്‍ നടപടികള്‍ കൈക്കൊള്ളുന്നതെന്ന് ജിഎംസി മേധാവി ചാര്‍ലി മാസി പറഞ്ഞു. എന്നാല്‍ പ്രവൃത്തിസമയം ചുരുക്കുന്നത് മാത്രമാണ് ഏക പോംവഴിയെന്ന് വരരുത്. ഇത് സമ്മര്‍ദത്തിലായ സേവനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിടുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.