ഹനൂജ് എം കുര്യാക്കോസിന്റെ സംസ്‌കാരം ശനിയാഴ്ച; വിട ചൊല്ലി യുകെ മലയാളികള്‍
യുകെയിലെത്തി ഒരു വര്‍ഷം പോലും ആകും മുന്നേ മരണം തേടിയെത്തിയ ബ്യുഡില്‍ മലയാളി ഹനൂജ് എം കുര്യാക്കോസിന്റെ സംസ്‌കാരം ശനിയാഴ്ച നാട്ടില്‍ നടക്കും. നാളെ രാവിലെയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുക. ശനിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ജന്മനാടായ കോതമംഗലത്തേക്ക് കൊണ്ടുപോകും. വൈകിട്ട് മൂന്നു മണിയ്ക്ക് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം പുന്നേക്കാട് സെന്റ് ജോര്‍ജ് ഗത്‌സിമോന്‍ പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കും.
ജൂലൈ 24നാണ് ബ്യുഡില്‍ മലയാളിയായ ഹനൂജ് എം കുര്യാക്കോസ് മരണത്തിനു കീഴടങ്ങിയത്. അതിനു മുമ്പ് ചെറിയ ജലദോഷം ഉണ്ടായിരുന്നതൊഴിച്ചാല്‍ ആരോഗ്യപരമായ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം ക്ഷീണം തോന്നുന്നു എന്ന് പറഞ്ഞു വീണ്ടും കിടക്കാന്‍ പോയ ഹനൂജിനെ പിന്നെ കാണുന്നത് ചലനമറ്റ നിലയിലാണ്. രാവിലെ ഏഴര ആയിട്ടും എഴുന്നേറ്റ് വരാതായതോടെ ഭാര്യ വിളിക്കാന്‍ എത്തുമ്പോഴാണ് പ്രതികരണമില്ലാതെ ഹനൂജിനെ ബെഡില്‍ കണ്ടെത്തുന്നത്. ഉടന്‍ സുഹൃത്തുക്കളേ വിളിച്ചു സഹായം തേടുക ആയിരുന്നു. മിനിട്ടുകള്‍ക്കകം പാരാമെഡിക്സ് പാഞ്ഞെത്തുമ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
തലച്ചോറിലേക്കുള്ള ധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതാണ് പൊടുന്നനെയുള്ള മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. കെയര്‍ ഹോം ജീവനക്കാരായിരുന്നു ഹനൂജും ഭാര്യയും. ഈ ദമ്പതികള്‍ക്ക് രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ട്. സ്‌കൂള്‍ പ്രായമായ മൂത്ത കുട്ടി മാത്രമാണ് ഇപ്പോള്‍ യുകെയില്‍ ഉള്ളത്. രണ്ടു വയസുള്ള ഇളയ കുട്ടി നാട്ടില്‍ ഹനൂജിന്റെ മാതാപിതാക്കള്‍ക്ക് ഒപ്പമാണ് കഴിയുന്നത്. ബാസില്‍ഡണ്‍ മലയാളിയായ ഹണി എല്‍ദോസ് ഹനൂജിന്റെ സഹോദരിയാണ്.