ബ്രിട്ടനില്‍ വ്യാപകമായ കലാപത്തിന് തുടക്കമിട്ട സൗത്ത്‌പോര്‍ട്ടിലെ കൊലപാതക കേസിലെ പ്രതിയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് 55 കാരി അറസ്റ്റിലായി. വംശീയ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ എഴുതി പ്രചരിപ്പിച്ചതിന് ഇന്നലെ, വ്യാഴാഴ്ചയാണ് അവര്‍ അറസ്റ്റിലായത്. ഇപ്പോള്‍ ചെഷയര്‍ പോലീസിന്റെ കസ്റ്റഡിയിലാണ് അവര്‍.
കഴിഞ്ഞ ഒരാഴ്ചയായി യു കെയില്‍ അങ്ങോളമിങ്ങോളം അക്രമാസക്തമായ നിലയിലുള്ള കലാപം നടക്കുകയാണെന്നും അതിന് പ്രചോദനമായത് ദുരുദ്ദേശപരമായി നടത്തുന്ന വ്യാജ പ്രചാരണങ്ങളാണെന്നും ചീഫ് സൂപ്രണ്ട് അലിസണ്‍ റോസ്സ് പറഞ്ഞു. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടന്നിരുന്നത്. വസ്തുത പരിശോധിക്കാതെ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ അറസ്റ്റ് എന്നും അലിസണ്‍ റോസ്സ് പറഞ്ഞു.
ഓണ്‍ലൈനിലാണെങ്കിലും, വ്യക്തിപരമായിട്ടാണെങ്കിലും, ഓരോരുത്തരും ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് അവര്‍ക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ അറസ്റ്റ്. സൗത്ത്‌പോര്‍ട്ടിലെ കൊലപാതകക്കേസിലെ പ്രതി , 17 കാരനായ ആക്സ്ലെ റുഡകുബാനയുടെ പേരും കുടുംബ പശ്ചാത്തലവും വ്യാജമായി പ്രചരിപ്പിച്ചതായിരുന്നു ലഹളയുടെ കാരണം.
അഞ്ഞൂറുപേരെയാണ് അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ 140 പേര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. 25 ഓളം പേര്‍ക്ക് മൂന്നു ദിവസത്തിനുള്ളില്‍ ജയില്‍ശിക്ഷ ഉറപ്പാക്കി. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ പ്രതിഷേധത്തിന്റെ ശക്തി താഴ്ന്നു.
ഒരാഴ്ച മുമ്പ് ലിവര്‍പൂളിലെ സൗത്ത് പോര്‍ട്ടില്‍ മൂന്നു കുട്ടികളുടെ ദാരുണ കൊലപാതകത്തെ തുടര്‍ന്നുണ്ടായ ജനരോഷമാണ് കുടിയേറ്റ വിരുദ്ധ കലാപമായി ബ്രിട്ടനില്‍ പടര്‍ന്നത്. ബുധനാഴ്ച വരെ സ്ഥിതി കലുഷിതമായിരുന്നു. ഒടുവില്‍ അക്രമികളെ നിയന്ത്രിക്കുകയും സമാധാന അന്തരീക്ഷം പുനസ്ഥാപിച്ചിരിക്കുകയുമാണ് സര്‍ക്കാര്‍.