യൂറോപ്പില്‍ ഭീതി വിതച്ച് എംപോക്‌സ്; ആഗോള എമര്‍ജന്‍സി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ആഫ്രിക്കയില്‍ താമസം കഴിഞ്ഞെത്തിയ വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ച് സ്വീഡന്‍; യുകെയില്‍ എത്തിക്കഴിഞ്ഞെന്ന് വിദഗ്ധര്‍
ആഫ്രിക്കയ്ക്ക് പുറത്ത് ആദ്യത്തെ എംപോക്‌സ് കേസ് സ്വീഡനില്‍ സ്ഥിരീകരിച്ചു. മാരകമായ വൈറസുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ആഫ്രിക്കയില്‍ താമസം കഴിഞ്ഞെത്തിയ വ്യക്തിയിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് സ്വീഡന്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി വെളിപ്പെടുത്തി. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ എപോക്‌സ് ക്ലെയ്ഡ് 1 പകര്‍ച്ചവ്യാധിയാണ് അരങ്ങേറുന്നത്.
ഇതിന് പിന്നാലെയാണ് 13 രാജ്യങ്ങളിലേക്ക് വൈറസ് അതിവേഗം പടര്‍ന്നതോടെ ഡബ്യുഎച്ച്ഒ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതിനകം തന്നെ വൈറസ് ചുരുങ്ങിയത് 500 പേരുടെ ജീവനെടുത്തു. കോംഗോ റിപബ്ലിക്കില്‍ 13,700 പേര്‍ക്ക് രോഗം പടര്‍ന്നതായാണ് റിപ്പോര്‍ട്ട്.
മങ്കിപോക്‌സ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന വൈറസ് ആഫ്രിക്കയ്ക്ക് പുറത്തേക്ക് പടര്‍ന്നിരിക്കുകയാണ്. യുകെയിലും ഇതിനകം വൈറസ് എത്തിയിട്ടുണ്ടാകുമെന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റി മൈക്രോബയോളജിസ്റ്റ് പ്രൊഫസര്‍ പോള്‍ ഹണ്ടര്‍ മുന്നറിയിപ്പ് നല്‍കി.
ലൈംഗിക ബന്ധങ്ങളിലേക്ക് വൈറസ് ബാധിച്ചാല്‍ ഇത് അതിവേഗം പടരുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. യൂറോപ്പില്‍ ആദ്യ കേസ് സ്ഥിരീകരിച്ചതിനാല്‍ വരും ആഴ്ചകളില്‍ യുകെയില്‍ കേസുകള്‍ കാണുമെന്ന് ഉറപ്പാണ്, പ്രൊഫ. ഹണ്ടര്‍ വ്യക്തമാക്കി.