രഞ്ജിത്തിനെതിരെ ബംഗാളി നടിയുടെ 'മീ ടു' വെളുപ്പെടുത്തല്‍
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര. ‘പലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാനെത്തിയ സമയത്ത് സംവിധായകന്‍ മോശമായി കൊച്ചിയിലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറി എന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് നടി വെളിപ്പെടുത്തിയത്.
ചിത്രത്തിന്റെ പ്രതിഫലം, കഥാപാത്രം, ധരിക്കേണ്ട വസ്ത്രങ്ങള്‍ എന്നീ കാര്യങ്ങള്‍ സംസാരിക്കുന്ന വേളയിലാണ് കൊച്ചിയില്‍ വച്ച് തനിക്ക് ദുരനുഭവം ഉണ്ടായത്. നിര്‍മ്മാതാവിനെ അടക്കം പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് സംവിധായകന്‍ റൂമിലേയ്ക്ക് വിളിച്ചത്. പെട്ടെന്ന് സംവിധായകന്‍ സംസാരിക്കണമെന്ന് പറഞ്ഞ് അടുത്തേക്ക് വന്നു.
ആദ്യം അയാള്‍ വളകളില്‍ തൊടാന്‍ തുടങ്ങി. ഇത്തരം വളകള്‍ കണ്ടിട്ടില്ലാത്തതു കൊണ്ടാണെന്ന് താന്‍ ആദ്യം കരുതി. തന്റെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടാകുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ മുടിയിഴകളില്‍ തലോടാന്‍ തുടങ്ങി. കഴുത്തിനരികിലേക്ക് സ്പര്‍ശനം നീണ്ടപ്പോള്‍ പെട്ടെന്ന് ആ മുറിയില്‍ നിന്നിറങ്ങി.
ടാക്സി പിടിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടു. ആ രാത്രി വല്ലാതെ ഭയപ്പെട്ടാണ് കേരളത്തില്‍ കഴിച്ചു കൂട്ടിയത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങി . പാലേരിയില്‍ അഭിനയിക്കാനായില്ലെന്നും പിന്നീട് ഒരു മലയാള സിനിമയിലേക്കും വിളിച്ചിട്ടില്ലെന്നും ശ്രീലേഖ മിത്ര പറഞ്ഞു. വണ്ടിക്കൂലി പോലും ലഭിക്കാതെ മടങ്ങുകയായിരുന്നു എന്നാണവരുടെ വെളിപ്പെടുത്തല്‍. രാത്രി പേടിച്ചു ഹോട്ടല്‍ റൂമിന്റെ വാതില്‍ക്കല്‍ സോഫ വലിച്ചിട്ടിരുന്നതായും ശ്രീലേഖ മിത്ര പറയുന്നു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയില്‍ താന്‍ അഭിനയിച്ചിരുന്നു. അതിലെ അഭിനയം കണ്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിച്ചത്. ഓഡിഷന്‍ എല്ലാം കഴിഞ്ഞതായിരുന്നു, രാവിലെ സംവിധായകന്‍ രഞ്ജിത്തിനെ കണ്ടു. കൊച്ചിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. വൈകിട്ട് അണിയറ പ്രവര്‍ത്തകരുമായി ഒരു പാര്‍ട്ടി ഉണ്ടായിരുന്നു. പ്രൊഡ്യൂസറാണ് ക്ഷണിച്ചത്. ഇവിടെ വച്ച് തന്റെ റൂമിലേക്ക് വരാന്‍ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്‌കസ് ചെയ്യാനാണെന്ന് കരുതി റൂമിലെത്തിയപ്പോള്‍ രഞ്ജിത്ത് കൈയില്‍ തൊട്ടു, വളകളില്‍ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പെട്ടെന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി, ഇതോടെ ഞെട്ടിയ ഞാന്‍ ഉടന്‍ തന്നെ മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടല്‍മുറിയില്‍ കഴിഞ്ഞത്. ആ ദിവസം ഒരിക്കലും മറക്കാനാവില്ലെന്നും അവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
സംഭവത്തില്‍ ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ ആരും തന്നെ പിന്നീട് ബന്ധപ്പെട്ടില്ലെന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീലേഖ പറഞ്ഞു.
അതിക്രമം നേരിട്ടവര്‍ പരാതിയുമായി മുന്നോട്ടു വരണമെന്നും കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി പോലുള്ള കമ്മിറ്റികള്‍ മറ്റു ഭാഷകളില്‍ വേണമെന്നും നടി വ്യക്തമാക്കി.
എന്നാല്‍ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡിഷന് വന്നിരുന്നു. കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും രഞ്ജിത്ത് പറയുന്നു.
ശ്രീലേഖയുടെ ആരോപണം ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫ് ശരിവച്ചിട്ടുണ്ട്. ഇക്കാര്യം താന്‍ രണ്ടുപേരോട് അന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ഏഷ്യ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യം ശക്തമായി.