അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് നിയോഗിച്ച നൂറുകണക്കിന് എംപ്ലോയര്‍മാര്‍ക്ക് വമ്പന്‍ പിഴ നല്‍കി എംപ്ലോയര്‍മാര്‍. കാര്‍ വാഷുകളിലും, നെയില്‍ ബാറുകളിലുമായി അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കിയവരെയാണ് ഹോം ഓഫീസ് റെയ്ഡില്‍ പിടികൂടിയത്. ഹോം ഓഫീസിന്റെ കീഴിലുള്ള ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ റെയ്ഡില്‍ അനധികൃതമായി ജോലിചെയ്യുന്നു എന്ന് സംശയിക്കപ്പെടുന്ന 75 പേര്‍ അറസ്റ്റിലായി.
രഹസ്യമായി അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങളിലാണ് ഒരാഴ്ചയായി റെയ്ഡുകള്‍ സംഘടിപ്പിച്ചത്. 225 ബിസിനസ്സുകള്‍ സന്ദര്‍ശിച്ച ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീമുകള്‍ അനധികൃത ജോലിക്കാരെ നിയോഗിച്ച 122 പേര്‍ക്ക് നോട്ടീസ് നല്‍കി.
ഓരോ അനധികൃത കുടിയേറ്റക്കാര്‍ക്ക് 45,000 പൗണ്ട് വീതം പിഴയാണ് ഉടമസ്ഥര്‍ നല്‍കേണ്ടത്. തുടര്‍ച്ചയായ ലംഘനങ്ങള്‍ക്ക് ഓരോ ജോലിക്കാര്‍ക്കും 60,000 പൗണ്ട് വീതവും പിഴ നല്‍കണം. അടുത്ത ആറ് മാസത്തില്‍ 14,000 അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്നാണ് ഹോം സെക്രട്ടറി വെറ്റ് കൂപ്പറിന്റെ പ്രഖ്യാപനം.
മനുഷ്യക്കടത്ത് സംഘങ്ങളുമായി ചേര്‍ന്ന് ഇത്തരം തൊഴിലുടമകള്‍ പ്രവര്‍ത്തിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കിയിരുന്നു. അനധികൃതമായി ജീവന്‍ പണയം വെച്ച് ഇവിടെ ആളുകളെ എത്തിക്കുകയും, രേഖകളില്ലാത്ത തൊഴിലിടങ്ങളില്‍ ചേര്‍ക്കപ്പെടുന്നതുമാണ് അരങ്ങേറുന്നത്, കൂപ്പര്‍ പറയുന്നു.
മിനിമം വേതനത്തേക്കാള്‍ കുറവ് വേതനം നല്‍കി ഇവരെ കൊണ്ട് അധികം മണിക്കൂറുകള്‍ ജോലി ചെയ്യിപ്പിക്കുന്നു. ചില തൊഴിലുടമകള്‍ അത്യാവശ്യമായ ആനുകൂല്യങ്ങള്‍ പോലും നല്‍കുന്നില്ല.