യുകെയില്‍ പ്രായമായാലും വിശ്രമിക്കാന്‍ സമയമില്ല. 60 വയസിന് മുകളിലുള്ള സ്വയംതൊഴില്‍ ചെയ്യുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. 60 വയസിന് ശേഷവും സ്വയം തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 1 മില്ല്യണില്‍ എത്തി റെക്കോര്‍ഡിട്ടതായി പഠനം പറയുന്നു. കഴിഞ്ഞ ഒരു ദശകം കൊണ്ട് ഇത്തരത്തില്‍ സ്വയം തൊഴില്‍ ചെയ്യുന്ന പ്രായമേറിയവരുടെ എണ്ണത്തില്‍ 33% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
2023-ല്‍ സെല്‍ഫ് എംപ്ലോയ്ഡ് വിഭാഗത്തില്‍ വരുന്ന അറുപതും, അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം 991,432 എന്ന നിലയിലേക്കാണ് വര്‍ദ്ധിച്ചതെന്ന് റെസ്റ്റ് ലെസ് എന്ന സ്ഥാപനത്തിന്റെ കണക്കുകള്‍ വിശദീകരിക്കുന്നു.
2021 മുതല്‍ തന്നെ 50-കളിലും, അതിന് മുകളിലും പ്രായമുള്ളവര്‍ സ്വയം തൊഴില്‍ ചെയ്യുന്നതിന്റെ എണ്ണം വര്‍ദ്ധിച്ചതായി പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് 60ന് മുകളിലുള്ളവരുടെ എണ്ണം റെക്കോര്‍ഡില്‍ എത്തിയത്.
'അധികം വൈകാതെ സ്‌റ്റേറ്റ് പെന്‍ഷന്‍ പ്രായം 67ലേക്ക് ഉയരും, ചിലപ്പോള്‍ ഇതും മറികടക്കും. ഇതോടെ പരമ്പരാഗത വിരമിക്കല്‍ പ്രായത്തിന് അപ്പുറത്തേക്ക് ജോലി ചെയ്യാനാണ് പലരും തീരുമാനിക്കുന്നത്', റെസ്റ്റ് ലെസ് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റുവര്‍ട്ട് ലൂയിസ് പറഞ്ഞു.
പ്രായമായപ്പോള്‍ തങ്ങളുടെ പാഷന് പിന്നാലെ പോയി സംരംഭകരായവര്‍ മാത്രമല്ല വരുമാനം കണ്ടെത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ലഭിക്കാത്തവരും, ഫുള്‍ടൈം ജോലി കിട്ടാത്തവരും ഈ പട്ടികയില്‍ പെടുമെന്ന് അദ്ദേഹം പറയുന്നു.