യുകെയില്‍ കിഡ്‌നി ട്രാന്‍സ്പ്ലാന്റിനായി കാത്തി കാത്തിരിക്കുന്ന രോഗികളുടെ എണ്ണമേറി. ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ ട്രാന്‍സ്പ്ലാന്റിനായി കാത്തിരിപ്പ് പട്ടികയിലുള്ളവരുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ദ്ധനവാണുള്ളതെന്ന് പുതിയ കണക്കുകള്‍ പറയുന്നു. ഓരോ ആഴ്ചയും യുകെയില്‍ കിഡ്‌നി ട്രാന്‍സ്പ്ലാന്റിനായി കാത്തിരുന്ന് ആറ് പേര്‍ വീതം മരിക്കുന്നതായാണ് കണക്ക്.
വര്‍ഷങ്ങളോളം ഡയാലിസിസ് ചെയ്ത് കടന്നുപോയതിന് ശേഷമാകും ഈ വിടവാങ്ങല്‍. യഥാര്‍ത്ഥത്തില്‍ അവയവദാനത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണം ഇതിലേറെ കൂടുതലാകുമെന്നാണ് കരുതുന്നത്. ആരോഗ്യസ്ഥിതി മോശമാകുന്നവരെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാറുണ്ട്. പ്രതിവര്‍ഷം നൂറുകണക്കിന് പേരെയാണ് ഈ വിധം പട്ടികയില്‍ നിന്നും ഒഴിവാക്കുന്നത്.
കിഡ്‌നി ദാനം ചെയ്യാന്‍ സാധിക്കുന്നവരുടെ എണ്ണം ചുരുങ്ങിയതാണ് ഇതിന് പ്രധാന കാരണം. സപ്ലൈയെ അപേക്ഷിച്ച് ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെ രോഗികള്‍ മരണപ്പെടുകയാണ് . യുകെയില്‍ ജനങ്ങള്‍ക്കിടെയില്‍ കൂടുന്ന പൊണ്ണത്തടിയാണ് ഇതിന് ഒരു പ്രധാന കാരണം. അടുത്ത ദശകത്തിനുള്ളില്‍ ആയിരക്കണക്കിന് കൂടുതല്‍ രോഗികള്‍ക്ക് കിഡ്‌നി രോഗങ്ങള്‍ ബാധിക്കുമെന്നാണ് കരുതുന്നത്.
ബിഎംഐ 30ന് മുകളിലുള്ളവരെയാണ് അമിതവണ്ണമുള്ളവരായി കണക്കാക്കുന്നത്. ഇത്തരക്കാരില്‍ അവസാനഘട്ട കിഡ്‌നി രോഗം ബാധിക്കാന്‍ നാലിരട്ടി അധിക സാധ്യതയാണുള്ളത്. നിലവില്‍ പണം നല്‍കി അവയവദാനം നടത്തുന്നത് യുകെയില്‍ നിയമവിരുദ്ധമാണ്. എന്നാല്‍ 35,000 പൗണ്ട് വരെ ഫീസ് നല്‍കി ഇതിന് പ്രേരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.