കൊടും കുറ്റവാളികള്‍ക്ക് എതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാതെ അവരെ മാപ്പു കൊടുത്തു പുറത്തേയ്ക്ക് വിടുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കുറ്റവാളികള്‍ക്ക് എതിരായി മൃദുസമീപനം സ്വീകരിച്ചു ജയിലുകളില്‍ സ്ഥലമുണ്ടാക്കാന്‍ ശ്രമിക്കുന്നത് സമൂഹത്തിന് അത് തെറ്റായ സന്ദേശമാണ് നല്‍കുക.
കത്തി, ലൈംഗിക കുറ്റവാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് കൊടുംക്രിമിനലുകള്‍ വെറും 'മാപ്പ്' പറഞ്ഞ് പ്രോസിക്യൂഷന്‍ നേരിടാതെ രക്ഷപ്പെടുന്നതായി കണക്കുകള്‍ പറയുന്നു. ലൈംഗിക കുറ്റകൃത്യങ്ങള്‍, അതിക്രമങ്ങള്‍, ആയുധങ്ങള്‍ കൈവശം വെയ്ക്കല്‍ എന്നിങ്ങനെ ചെയ്തുകൂട്ടിയ 147,000-ലേറെ പേര്‍ക്കാണ് ഈ വര്‍ഷം മാര്‍ച്ച് വരെ വിചാരണ ഒഴിവാക്കി, പകരം കമ്മ്യൂണിറ്റി റെസൊലൂഷനുകള്‍ നല്‍കിയത്.
കുറഞ്ഞ തോതിലുള്ള കുറ്റകൃത്യങ്ങള്‍ക്കാണ് സാധാരണമായി കമ്മ്യൂണിറ്റി റെസൊലൂഷന്‍ നല്‍കേണ്ടത്. ഇതില്‍ പെട്ടാല്‍ ക്രിമിനല്‍ റെക്കോര്‍ഡുകളില്‍ പേര് വരികയുമില്ല. എന്നാല്‍ ഇരകളോട് കുറ്റവാളികള്‍ ഖേദം പ്രകടിപ്പിക്കണം. കേടുപാട് വരുത്തിയിട്ടുണ്ടെങ്കില്‍ ഇത് ശരിയാക്കാനും, ചിലപ്പോള്‍ നഷ്ടപരിഹാരവും നല്‍കി കേസ് ഒതുക്കാം.
എന്നാല്‍ ഈ റെസൊലൂഷനുകള്‍ ഓഫീസര്‍മാരുടെ മനോനില പ്രകാരമാണ് തീരുമാനിക്കുന്നത്. 2019 മുതല്‍ ഇതില്‍ 40 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്നാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.