ഇഷ്ട ഭക്ഷണങ്ങള്‍ തന്നെ യുകെ ജനതയെ ഹൃദ്രോഗത്തിലേക്ക് നയിക്കുന്നു!
യുകെ ജനതയില്‍ രക്ത സമ്മര്‍ദ്ദം വലിയ തോതില്‍ ഉയരുമ്പോഴും ഇതിന്റെ കാരണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. എന്നാല്‍ ഈ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഹൃദ്രോഗത്തിലേക്ക് നയിക്കുമെന്നത് ആരും ഗൗരവമായി എടുക്കുന്നില്ല. രക്തസമ്മര്‍ദ്ദ തോത് ഉയരുന്നതിന്റെ കാരണം കണ്ടെത്താനാകാതെ നാലു മില്യണ്‍ ജനങ്ങള്‍ കഴിയുകയാണ്. ഇഷ്ട ഭക്ഷണങ്ങള്‍ ആണ് ഇവിടെ വില്ലനാകുന്നത്. അധിക ഉപ്പ് അടങ്ങിയ ജങ്ക് ഫുഡ് പ്രിയം ആണ്പ ലപ്പോഴും ഗുരുതര രോഗങ്ങളിലേക്ക് ജനത്തെ തള്ളിവിടുന്നത്.
ഹൃദയാരോഗ്യം വീണ്ടെടുക്കാന്‍ നല്ല ഭക്ഷണ ശീലങ്ങള്‍ വേണം. പ്രഷര്‍ ഉയരാനുള്ള പ്രധാന കാരണം ഉപ്പാണ്. പ്രിയ ഭക്ഷണങ്ങളിലെല്ലാം ഉപ്പിന്റെ തോത് വളരെ കൂടുതലാണ്. ഇത് രക്തസമ്മര്‍ദ്ദം കൂട്ടി ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് മറന്നുപോകുന്നു. ചാരിറ്റി ബ്ലഡ് പ്രഷര്‍ യുകെ സുപ്രാധന വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
രക്തസമ്മര്‍ദ്ദം പലപ്പോഴും തിരിച്ചറിയാതെ പോകുന്നത് വെല്ലുവിളിയാണ്. രക്ത സമ്മര്‍ദ്ദം ഉയരുമ്പോഴും ചിലര്‍ക്ക് ഇതിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകുന്നില്ല. ഹൃദയാഘാതമുണ്ടാകുമ്പോഴോ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നം വരുമ്പോഴോ ആണ് പലരും രക്ത സമ്മര്‍ദ്ദം പരിശോധിക്കുന്നത്.
ആറു ഗ്രാമിലേറെ ഉപ്പ് ഒരു ദിവസം ഉപയോഗിക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രക്ത സമ്മര്‍ദ്ദ പരിശോധന ശീലിക്കുന്നത് വലിയ ആപത്തിലേക്ക് പോകുന്നത് തടയും.
ഹൃദയാരോഗ്യത്തിനായി സ്ഥിരമായി വ്യായാമം ചെയ്യേണ്ടതും ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതും മികച്ച ജീവിത ശൈലി പുലര്‍ത്തേണ്ടതും അത്യാവശ്യമാണ്. പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മുതിര്‍ന്നവരില്‍ 32 ശതമാനവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതിന് കാരണം ഭക്ഷണ രീതിയാണ്.