കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയില്‍ ആഞ്ഞടിച്ച വിവാദ കൊടുങ്കാറ്റില്‍ ഉലഞ്ഞു നടന്‍ നിവിന്‍ പോളിയും. എറണാകുളം നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ നിവിന്‍ പോളിയടക്കമുള്ളവര്‍ക്കെതിരെ ബലാല്‍സംഗക്കേസ് എടുത്തു. ഊന്നുകല്‍ പോലീസ് ആണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. കൂട്ട ബലാല്‍സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉണ്ട്. ദുബായില്‍ വച്ചാണ് പീഡനം നടന്നത് എന്നാണു പരാതിയില്‍ പറയുന്നത്
അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് നിവിന്‍ പോളിയ്‌ക്കെതിരെയുള്ള പരാതി. കേസില്‍ നിവിന്‍ പോളിയടക്കം ആറോളം പ്രതികളുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.
കഴിഞ്ഞ നവംബറില്‍ ദുബായിലെ ഹോട്ടലില്‍ വച്ചാണു പീഡനം നടന്നതെന്നാണ് ആരോപണം. ദുബായില്‍ മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് യുവതി പോയത്. അതിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഒരു വനിതാ സുഹൃത്താണ് തന്നെ നടന്റെ മുന്നിലേക്കെത്തിച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. നിവിന്‍ പോളി, പരാതിക്കാരിയുടെ വനിതാ സുഹൃത്ത് ശ്രേയ , മറ്റ് നാലുപേര്‍ എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കേസില്‍ ആറാം പ്രതിയാണ്. നിര്‍മാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തെ(എസ്‌ഐടി) യുവതി സമീപിക്കുകയും എസ്‌ഐടി ഈ വിവരം ഊന്നുകല്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളില്‍ എറണാകുളത്ത് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 11 ആയി. സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു, രഞ്ജിത്, മുകേഷ് തുടങ്ങിയ താരങ്ങള്‍ക്കെതിരെ പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ പൊലീസ് കേസെടുത്തിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ പ്രമുഖ താരങ്ങള്‍ വരെ വെളിപ്പെടുത്തലുമായി രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്.