അമേരിക്കയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി വീട്ടിലേക്ക് പോകവേ വടകരയില്‍ വാഹനാപകടത്തില്‍ പ്രവാസി യുവാവും കാര്‍ ഡ്രൈവറും മരിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ ന്യൂ മാഹിയിലെ വീട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവര്‍ തലശ്ശേരി ചേറ്റം കുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി, ന്യൂ മാഹി സ്വദേശി കളത്തില്‍ ഷിജില്‍ (40) എന്നിവരാണ് മരിച്ചത്.
അമേരിക്കയില്‍ നിന്നും പുലര്‍ച്ചെ എത്തിയതായിരുന്നു ഷിജില്‍. ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ഷിജിലിനെ കൂട്ടാനെത്തിയതാണ് അപകടത്തില്‍ മരിച്ച ജൂബി (38). അപകടമുണ്ടായതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു. ഒരേ ദിശയിലെത്തിയ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.
ജൂബി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിജിലിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പെട്ട സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.