ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിന് പുതിയ മാറ്റങ്ങള്‍ വരുത്തി നേരിട്ടുള്ള നിയന്ത്രണത്തിലാക്കാന്‍ പദ്ധതികളുമായി യു കെ ഹോം ഓഫീസ്. നിലവിലെ, ഹോം ഓഫീസ് അംഗീകാരമുള്ള ഒന്നിലധികം ഏജന്‍സികള്‍ നടത്തുന്ന മാതൃകക്ക് പകരം, ഒരേയൊരു ഏജന്‍സി രൂപകല്പന ചെയ്ത ഹോം ഓഫീസിന്റെ അധികാര പരിധിയിലുള്ള ടെസ്റ്റായിരിക്കും ഇനി മുതല്‍ ഉണ്ടാവുക. ഏകദേശം 1.13 ബില്യന്‍ പൗണ്ട് കരാര്‍ മൂല്യം കണക്കാക്കുന്ന ഈ ടെസ്റ്റ് രണ്ട് സര്‍വ്വീസ് ലൈനുകളായിട്ടാകും നടത്തുക. ആഗോള തലത്തില്‍ ഉപയോഗിക്കുന്നതിനുള്ള ഹോം ഓഫീസ് ബ്രാന്‍ഡഡ് ടെസ്റ്റും അതോടൊപ്പം ലോകത്താകെ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യമൊരുക്കലും. നിലവിലുള്ള മള്‍ട്ടിപ്പിള്‍ എക്സാം ചോദ്യ മോഡലുകള്‍ക്ക് പകരം യു കെ ഹോം ഓഫീസ് ബ്രാന്‍ഡഡ് മോഡലില്‍ കൂടുതല്‍ ആഴത്തിലുള്ള ടെസ്റ്റിംഗ് രീതിയായിരിക്കും.
ടെസ്റ്റിനായി ബുക്ക് ചെയ്യുക, ഫലം അറിയാന്‍ കഴിയുക, ഫിസിക്കല്‍ ടെസ്റ്റ് സെന്ററുകള്‍, നിരീക്ഷകര്‍, ഐ ഡി വെരിഫിക്കേഷന്‍ സര്‍വ്വീസ് എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന, ഉപഭോക്താക്കള്‍ക്കായുള്ള ഒരു ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം രൂപകല്പന ചെയ്യുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ് പുതിയ സംവിധാനം. നിലവില്‍, പിയേഴ്സണ്‍, ഐ ഇ എല്‍ ടി എസ്, എസ് ഇ എല്‍ ടി കണ്‍സോര്‍ഷ്യം, ലാംഗേജ് ചെര്‍ട്ട്, ട്രിനിറ്റി കോളേജ് ലണ്ടന്‍ എന്നിവരാണ് ഹോം ഓഫീസിന്റെ അംഗീകാരമുള്ള എസ് ഇ എല്‍ ടി കള്‍ യു കെയില്‍ നല്‍കുന്നത്.
യു കെയ്ക്ക് പുരത്ത് പിയേഴ്സണ്‍, ഐ ഇ എല്‍ ടി, എസ് ഇ എല്‍ ടി കണ്‍സോര്‍ഷ്യം, ലാംഗ്വേജ് സെര്‍ട്ട്, പി എസ് ഐ സര്‍വ്വീസസ് ലിമിറ്റഡ് എന്നിവരാണ് ടെസ്റ്റുകള്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം പിയേഴ്സണ്‍ ന്റെ ടെസ്റ്റിന് കനേഡിയന്‍ സര്‍ക്കാരിന്റെ അംഗീകാരം കൂടി ലഭിച്ചതോടെ ടെസ്റ്റിംഗ് വോല്യത്തില്‍ 49 ശതമാനത്തിന്റെ വര്‍ദ്ധനവാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതുവഴി കമ്പനിയുടെ ലാഭത്തില്‍ 31 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി.
സ്റ്റുഡന്റ് വിസ ഉള്‍പ്പടെയുള്ള ചില കുടിയേറ്റ റൂട്ടുകളില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം തെളിയിക്കാന്‍ ടെസ്റ്റുകള്‍ നിര്‍ബന്ധമാണ്. റൂട്ടുകള്‍ക്ക് അനുസരിച്ച് ചിലപ്പോള്‍ ഇംഗ്ലീഷ് എഴുത്തിലും വായനയിലും പ്രാവീണ്യം തെളിയിക്കേണ്ടതായി വരും. ഐ ഇ എല്‍ ടി എസ്സിന്റെ വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം 2023 ല്‍ ആഗോളാടിസ്ഥാനത്തില്‍ നാല്പത് ലക്ഷം പേര്‍ക്കാണ് അവര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകള്‍ നടത്തിയത്.