ബ്രിട്ടനില്‍ വംശീയ ആക്രമണങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസമാണ് 80 വയസുള്ള ഇന്ത്യന്‍ വംശജന് വംശവെറിയന്‍മാരായ കുട്ടികളുടെ കൈകളില്‍ നിന്നും ദാരുണാന്ത്യം ഏറ്റുവാങ്ങേണ്ടി വന്നത്. ലെസ്റ്ററില്‍ 80-കാരനായ ഇന്ത്യന്‍ വംശജന്‍ ഭീം സെന്‍ കോഹ്ലി വീടിന് തൊട്ടടുത്തുള്ള പാര്‍ക്കില്‍ നായയുമായി നടക്കാനിറങ്ങിയതിന് പിന്നാലെയാണ് അക്രമത്തിന് ഇരയായി കൊല്ലപ്പെട്ടത്. കേസില്‍ 14-കാരനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി.
ഇപ്പോഴിതാ മറ്റൊരു കേസുകൂടി പുറത്തുവരുന്നു. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ കറുത്ത വര്‍ഗക്കാരനായ എന്‍എച്ച്എസ് ജീവനക്കാരനെ മനഃപ്പൂര്‍വ്വം കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
പരുക്കേറ്റ് നിലത്ത് വീണ് കിടന്ന 25-കാരനായ കാറ്റുന്‍ഗുവാ ജിതെന്തെരോയെ മാസ്‌ക് അണിഞ്ഞ അക്രമിക്കൂട്ടം വംശവെറി നിറഞ്ഞ അസഭ്യങ്ങള്‍ വിളിച്ച് സ്ഥലംവിടുകയായിരുന്നുവെന്ന് കോടതിയില്‍ വ്യക്തമാക്കി.
വീട്ടിലേക്ക് മടങ്ങുകയായിരുന്ന എന്‍എച്ച്എസ് ജീവനക്കാരന്‍ നടപ്പാതയിലൂടെ നടന്ന് പോകവെയാണ് അക്രമികള്‍ ഇവിടേക്ക് കാറിടിച്ച് കയറ്റിയത്. ബ്രിസ്‌റ്റോളിലെ സൗത്ത്മീഡ് ആശുപത്രിക്ക് സമീപം 25-കാരനായ ജിതെന്തെരോയെ ഇടിച്ച് വീഴ്ത്തിയശേഷം രണ്ട് പേര്‍ തന്നെ വംശീയ അസഭ്യം വിളിച്ച് സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടതായി ബ്രിസ്റ്റോള്‍ ക്രൗണ്‍ കോടതിയില്‍ ഇദ്ദേഹം വ്യക്തമാക്കി.
26-കാരന്‍ ഫിലിപ്പ് ആഡംസ്, 22-കാരന്‍ പാട്രിക്ക് ജെയിംസ്, 22-കാരന്‍ ജോര്‍ദാന്‍ മക്കാര്‍ത്തി, 51-കാരന്‍ ഡാനിയേല്‍ വെയറാര്‍ട്ട് എന്നിവരാണ് ഈ എന്‍എച്ച്എസ് ജീവനക്കാരനെ അക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതായി ആരോപണം നേരിടുന്നത്. കാര്‍ ഇടിച്ച് വീഴ്ത്തിയ ജിതെന്തെരോയ്ക്ക് മുഖത്തിന് ഉള്‍പ്പെടെ ഗുരുതരമായ പരുക്കുകളാണ് ഏറ്റതെന്ന് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാണിച്ചു. പ്രതികള്‍ സഹായിക്കാന്‍ നില്‍ക്കാതെ അസഭ്യം വിളിച്ച് ഓടിക്കളഞ്ഞത് തങ്ങളെ തിരിച്ചറിയതരുതെന്ന ഉദ്ദേശത്തിലാണെന്നും വാദമുണ്ട്.
സംഭവത്തിന് ശേഷം പ്രതി ജെയിംസ് വാഹനം ഇടിച്ച് മുങ്ങുന്നത് സംബന്ധിച്ചും, ഇതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ചും ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി കോടതി വിചാരണയില്‍ വ്യക്തമാക്കി.