മലയാളികളടക്കമുള്ള ബ്രിട്ടനിലെ ആമസോണ്‍ ജീവനക്കാര്‍ക്ക് 10 ശതമാനത്തിനടുത്ത് വരെ വേതന വര്‍ദ്ധനവ് പ്രഖ്യാപിച്ച് കമ്പനി. ശമ്പള വര്‍ദ്ധനവും തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ജി എം ബി ട്രേഡ് യൂണിയന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത നീക്കം. ഈ വര്‍ദ്ധന നിലവില്‍ വരുന്നതോടെ ഏറ്റവും കുറഞ്ഞ വേതന നിരക്ക് മണിക്കൂറില്‍ 9.8 ശതമാനം എന്നതില്‍ നിന്നും 13.50 പൗണ്ടിനും 14.50 പൗണ്ടിനും ഇടയിലെത്തുമെന്ന് ആമസോണ്‍ വ്യക്തമാക്കി. ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ഇത് 13.75 പൗണ്ടിനും 14.75 പൗണ്ടിനും ഇടയിലായിരിക്കും.
ആമസോണിലെ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ 29 മുതലാണ് പുതുക്കിയ ശമ്പള നിരക്ക് പ്രാബല്യത്തില്‍ വരിക. ആമസോണിന്റെ യു കെയിലെ ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ വര്‍ദ്ധനവ് ബാധകമാവും. അടുത്ത കാലത്തായി യു കെയിലെ ആമസോണ്‍ ജീവനക്കാര്‍ സമരങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, 2022 മുതല്‍ ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട് 550 മില്യന്‍ കമ്പനി മുതല്‍ മുടക്കിയിട്ടുണ്ട് എന്നാണ് ആമസോണ്‍ അവകാശപ്പെടുന്നത്. കൂടാതെ കുറവ് നിരക്കില്‍ ഭക്ഷണവും, മറ്റ് കിഴിവുകളും നല്‍കുന്നുണ്ടെന്നും കമ്പനി പറയുന്നു.
അഭിമാനത്തോടെയാണ് പുതിയ ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിക്കുന്നതെന്നും കമ്പനി വക്താവ് അറിയിച്ചു. ഇതോടെ മുന്‍ നിര ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം 28,000 പൗണ്ടിലധികം ശമ്പളമായി ലഭിക്കും. കമ്പനിയുടെ ആരംഭകാലം മുതല്‍ തന്നെ മേഖലയിലെ ഏറ്റവും മികച്ച ഓഫറുകളാണ് ആമസോണ്‍ ജീവനക്കാര്‍ക്ക് നല്‍കി വരുന്നതെന്നും വക്താവ് പറഞ്ഞു. അതേസമയം, ജീവനക്കാരുടെ സമരം കാരണം ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായ ആമസോണ്‍ വളരെ കുറവ് വര്‍ദ്ധനവാണ് നടപ്പിലാക്കിയിരിക്കുന്നതെന്നും, അത് നടപ്പില്‍ വരുത്താന്‍ തന്നെ വൈകിയെന്നുമായിരുന്നു ജി എം ബി ഓര്‍ഗനൈസര്‍ ആയ റേച്ചല്‍ ഫേഗന്റെ പ്രതികരണം.
ജീവനക്കാരോടുള്ള സമീപനം ആമസോണിന്റെ പ്രതിച്ഛായ തകര്‍ത്തുഎന്നും ഇപ്പോള്‍ തൊലിപ്പുറത്തെ ചികിത്സയാണ് കമ്പനി നടത്തുന്നതെന്നും യൂണിയന്‍ വക്താവ് ആരോപിച്ചു.സുരക്ഷിതമല്ലാത്ത തൊഴിലിടവും, കുറഞ്ഞ വേതനവും, അമിതമായ നിയന്ത്രണങ്ങളുമെല്ലാം ആമസോണ്‍ ജീവനക്കാരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുകയാണെന്നും വക്താവ് കുറ്റപ്പെടുത്തി. ജൂലൈയില്‍ സമരം വേണമോ എന്ന് തീരുമാനിക്കാന്‍ നടത്തിയ വോട്ടിംഗില്‍ 50.5 ശതമാനം പേര്‍ സമരത്തിന് എതിരായതിനാല്‍ മാത്രം സമരം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതേസമയം, കവന്‍ട്രിയിലെ ജീവനക്കാര്‍ കഴിഞ്ഞ 18 മാസക്കാലമായി മണിക്കൂറിന് 15 പൗണ്ട് വേതനം ആവശ്യപ്പെട്ട് സമരത്തിലാണ്.