നടനും എംഎല്‍എയുമായ മുകേഷിനെതിരായ ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പരാതിക്കാരി. അഭിഭാഷകരുമായി ആലോചിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് പരാതിക്കാരി അറിയിച്ചു.
പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയായ നടിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷ്, ഇടവേള ബാബു തുടങ്ങി ആറു പേര്‍ക്കെതിരെയാണ് അന്വേഷണം.
മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘവും പ്രോസിക്യൂഷനും തീരുമാനിച്ചിരുന്നു. അപ്പീല്‍ നല്‍കാതിരുന്നാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്ന നിലപാടായിരുന്നു പ്രോസിക്യൂഷനും തുടക്കത്തില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ പിന്നോട്ടു പോയി. അതോടെയാണ് അപ്പീല്‍ നല്‍കാന്‍ പരാതിക്കാരിയുടെ ഭാഗത്തു നിന്നും നീക്കം തുടങ്ങിയത്.