ലെബനനിലെ പേജര്‍ സ്ഫോടനം; വാര്‍ത്തകളില്‍ നിറഞ്ഞു റിന്‍സണ്‍
ലെബനനിലെ പേജര്‍ സ്ഫോടന പരമ്പരയിലെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്കും നീണ്ടതോടെ നോര്‍വേ പൗരത്വമുള്ള മലയാളി റിന്‍സണ്‍ ജോസ് ലോക മാധ്യമങ്ങളില്‍. പേജര്‍ വാങ്ങാനുള്ള സാമ്പത്തിക ഇടപാടില്‍ റിന്‍സന്റെ കമ്പനി ഉള്‍പ്പെട്ടെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ഇയാളുടെ കമ്പനിയിലേക്കും വ്യാപിപ്പിച്ചത്.
ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയിലാണ് റിന്‍സന്റെ കമ്പനി പ്രവര്‍ത്തിക്കുന്നത്. കമ്പനിയെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്ന് ബള്‍ഗേറിയന്‍ അധികൃതര്‍ അറിയിച്ചു. വയനാട് മാനന്തവാടി സ്വദേശിയായ റിന്‍സണ്‍ ജോസിന്റെ സോഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ് (Norta Global Ltd) കമ്പനി കൈമാറിയ പേജറുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ട് .
റിന്‍സന്റെ കമ്പനിയെ കുറിച്ച് അന്താരാഷ്ട്ര തലത്തിലാണ് അന്വേഷണം നടക്കുന്നത്. സ്ഫോടക വസ്തുക്കള്‍ പേജറിലേക്ക് എവിടെ നിന്നാണ് നിറച്ചതെന്നതടക്കം നിലവില്‍ അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. ഇതിനിടയിലാണ് ഹിസ്ബുളള പേജറുകള്‍ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് വിവരങ്ങള്‍ പുറത്ത് വരുന്നത്. സാമ്പത്തിക ഇടപാടുകളാണെന്നും സ്ഫോടനവുമായി റിന്‍സണ്‍ ജോണിന് നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്നും അന്വേഷണ ഏജന്‍സികളും വ്യക്തമാക്കുന്നുണ്ട്.
ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ് റിന്‍സണ്‍ ജോസിന്റേത്. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനിയാണ് പേജര്‍ നിര്‍മ്മാണത്തിനുളള പണം ഹംഗറിയിലുളള മറ്റൊരു കമ്പനിയിലേക്ക് നല്‍കിയത്. റിന്‍സണ്‍ ജോണിന്റെ കമ്പനിയെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി ബള്‍ഗേറിയന്‍ അധികൃതര്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ആരോപണത്തില്‍ ഇതുവരെയും റിന്‍സണ്‍ പ്രതികരിച്ചിട്ടില്ല.
റിന്‍സണ്‍ ജോസ് ചതിക്കപ്പെട്ടതാവാമെന്നും തെറ്റു ചെയ്യില്ലെന്നാണ് വിശ്വാസമെന്നും അമ്മാവന്‍ തങ്കച്ചന്‍ പ്രതികരിച്ചു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വിളിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുള്ളതായി പറഞ്ഞിരുന്നില്ല. ഇന്ന് വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കഴിഞ്ഞ നവംബറിലാണ് റിന്‍സണ്‍ അവസാനം നാട്ടിലെത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.
റിന്‍സണ്‍ പഠിച്ചതും വളര്‍ന്നതും നാട്ടില്‍തന്നെയാണ്. ജോലിക്കായി നോര്‍വയിലേക്ക് പോയതാണ്. ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്നാണ് പറഞ്ഞിട്ടുള്ളത്. സ്വന്തമായി ബിസിനസ് ഉള്ളതായി അറിയില്ല. അദ്ദേഹം പറഞ്ഞു.