പതിനഞ്ചാമത് മുട്ടുചിറ കുടുംബസംഗമത്തിനു ഇന്ന് തുടക്കം
മുട്ടുചിറ സംഗമം UK യുടെ പതിനഞ്ചാമത് കുടുംബസംഗമം സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ നോര്‍ത്ത് വെസ്റ്റിലെ ബോള്‍ട്ടണില്‍ വെച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും യുകെയിലെ നാട്ട് സംഗമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മുട്ടുചിറ സംഗമത്തിന് 2009 ല്‍ തുടക്കം കുറിച്ചതും ബോള്‍ട്ടണില്‍ തന്നെയായിരുന്നു. കോവിഡ് മഹാമാരി ദുരിതം വിതച്ച 2020 ല്‍ ഒഴികെ, കഴിഞ്ഞ പതിനാല് വര്‍ഷങ്ങളായി വളരെ ഭംഗിയായി നടന്ന് വരുന്ന മുട്ടുചിറ സംഗമത്തിന്റെ പതിനഞ്ചാമത് കുടുംബസംഗമം മനോഹരമാക്കുവാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു സംഘാടകര്‍.
ഇന്ന് മുതല്‍ ആരംഭിക്കുന്ന സംഗമത്തിന് ആശംസകളുമായി സമൂഹത്തിന്റെ നാനാതുറകളില്‍ എത്തിയവര്‍ ഇതിനോടകം എത്തിക്കഴിഞ്ഞു കേരളാ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍ , പുതുപ്പള്ളി എം ല്‍ എ ശ്രീ ചാണ്ടി ഉമ്മന്‍ , ചലച്ചിത്ര നടന്‍ അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയവരടക്കം പലരും ഇതിനോടകം ആശംസകളറിയിച്ചു . ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ 29 ഞായറാഴ്ച സമാപിക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ സംഗമത്തിന്റെ മാറ്റ് കൂട്ടും. ബോള്‍ട്ടണിലെ ബ്രിട്ടാണിയ ഹോട്ടലിലാണ് ഈ വര്‍ഷത്തെ സംഗമ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഭാരതത്തിന്റെ ആദ്യ വിശുദ്ധ, അല്‍ഫോന്‍സാമ്മ ബാല്യ, കൌമാരങ്ങള്‍ ചിലവഴിച്ച മുട്ടുചിറ കേരളത്തിലെ ആദിമ ക്രൈസ്തവ കുടിയേറ്റ കേന്ദ്രങ്ങളില്‍ ഒന്ന് കൂടിയാണ്. പരിശുദ്ധാത്മാവിന്റെ നാമത്തില്‍ സ്ഥാപിതമായ ഏഷ്യയിലെ ആദ്യ ദേവാലയമാണ് മുട്ടുചിറയിലേത്. വടക്കുംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന മുട്ടുചിറ, മലയാളത്തിലെ ആദ്യ സന്ദേശകാവ്യമായ ഉണ്ണുനീലി സന്ദേശത്തിലും പ്രതിപാദ്യ വിഷയമായിരുന്നു. മുട്ടുചിറ കുന്നശ്ശേരിക്കാവിന് വടക്ക് ഭാഗത്തായിരുന്നു ഉണ്ണുനീലി സന്ദേശത്തിലെ നായിക ഉണ്ണുനീലിയുടെ ഭവനമായ മുണ്ടക്കല്‍ തറവാട്. ഭാഗവതഹംസം ബ്രഹ്‌മശ്രീ മള്ളിയൂര്‍ ശ്രീ ശങ്കരന്‍ നമ്പൂതിരിപ്പാടിലൂടെ, കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായി മാറിയ മള്ളിയൂര്‍ ശ്രീ മഹാ ഗണപതി ക്ഷേത്രം, കേരളത്തിലെ ഏക സൂര്യക്ഷേത്രമായ ആദിത്യപുരം സൂര്യക്ഷേത്രം എന്നിവയിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് മുട്ടുചിറ.
ആഘോഷങ്ങളോടൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന മുട്ടുചിറ സംഗമം വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി വളരെ ഭംഗിയായി മുട്ടുചിറയില്‍ പ്രവര്‍ത്തിച്ച് വരുന്ന അല്‍ഫോന്‍സ സ്‌നേഹതീരം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ, കിഡ്‌നി റിലീഫ് ഫണ്ടിന് ശക്തമായ പിന്തുണയാണ് മുട്ടുചിറ സംഗമം നല്‍കി വരുന്നത്.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ.വര്‍ഗ്ഗീസ് നടക്കല്‍ രക്ഷാധികാരിയായും ബോള്‍ട്ടണിലെ ജോണി കണിവേലില്‍ ജനറല്‍ കണ്‍വീനറായും 2009 ല്‍ തുടക്കം കുറിച്ച മുട്ടുചിറ സംഗമം യുകെ, ഇരുവരുടെയും നേതൃത്വത്തില്‍ ഊര്‍ജ്ജസ്വലതയോടെ, ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്. മുട്ടുചിറ സംഗമം യുകെയുടെ പതിനഞ്ചാമത് വാര്‍ഷിക സംഗമത്തിലേക്ക് യുകെയിലുള്ള മുഴുവന്‍ മുട്ടുചിറ കുടുംബങ്ങളെയും പ്രതീക്ഷിച്ച് കൊണ്ടുള്ള ഊര്‍ജ്ജിതമായ തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
മുട്ടുചിറ സംഗമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.