മലയാളി വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു ഇയു സെറ്റില്‍മെന്റ് വിസ തട്ടിപ്പ് സംഘം
യുകെയില്‍ പിആര്‍ വിസ കിട്ടാന്‍ വേണ്ടി മലയാളി വിദ്യാര്‍ഥികളടക്കമുള്ള വിദേശിയരെ ചതിക്കുഴിയില്‍പ്പെടുത്താന്‍ ഇയു സെറ്റില്‍മെന്റ് തട്ടിപ്പ് സംഘങ്ങള്‍ സജീവം. വിസ തട്ടിപ്പിന് ഇരകളാകുന്നതായി റിപ്പോര്‍ട്ട്. പഠന ശേഷം ജോലി ലഭിക്കാതെ വരുന്നതോടെ നാട്ടിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്തവരാണ് ഇത്തരം തട്ടിപ്പുകളില്‍ അകപ്പെടുന്നത്. യുകെയിലെ നിയമം അനുസരിച്ച് വിശദമായ പരിശോധനക്ക് ശേഷമായിരിക്കും ഇയു സെറ്റില്‍മെന്റ് പദ്ധതി നടപ്പാക്കുക. വിവാഹം കഴിച്ചവര്‍ ഒരുമിച്ചാണോ താമസിക്കുന്നത് എന്നതടക്കമുള്ള വിശദാംശങ്ങള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അന്വേഷിക്കും. നേരിട്ട് എത്തി സ്ഥിതി വിലയിരുത്തും. കള്ളത്തരമാണെന്ന് കണ്ടെത്തിയാല്‍ വലിയ ശിക്ഷയാകും ഈ കുട്ടികള്‍ അനുഭവിക്കേണ്ടിവരിക. ഇതൊക്കെ മറച്ചുവെച്ചാണ് ഇയു വിസ തട്ടിപ്പ് സംഘങ്ങള്‍ നിരവധി പേരെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. ഇത്തരം തട്ടിപ്പിനായി 15 ലക്ഷം രൂപയാണ് ചെലവ് വരുന്നത്.
യൂറോപ്യന്‍ യൂണിയനില്‍ അംഗമായിരുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടണില്‍ തുടരുന്നതിനായി 2019ല്‍ ഏര്‍പ്പെടുത്തിയ വിസ സമ്പ്രദായമാണ് ഇയു സെറ്റില്‍മെന്റ് വിസ. ബ്രക്‌സിറ്റിന് ശേഷമായിരുന്നു ഇത്തരമൊരു വിസ സംവിധാനം കൊണ്ടുവന്നത്. അങ്ങനെ ബ്രിട്ടണില്‍ തുടരുന്നവരില്‍ ഒരാളെ വിവാഹം കഴിച്ചതായി രേഖയുണ്ടാക്കുക. പിന്നീട് ആ രേഖ ഉപയോഗിച്ച് യുകെയില്‍ നില്‍ക്കാനുള്ള അപേക്ഷ നല്‍കുക. ഒന്നര വര്‍ഷത്തേക്ക് അങ്ങനെ തുടരാനാകും. വിവാഹം അംഗീകരിക്കപ്പെടുകയാണെങ്കില്‍ ഒന്നര വര്‍ഷത്തിനുശേഷം യുകെയില്‍ പിആറുള്ള വ്യക്തിയുടെ പങ്കാളി എന്ന നിലയില്‍ പിആര്‍ കിട്ടാനായി വീണ്ടും അപേക്ഷ നല്‍കാം.
രേഖകളില്‍ മാത്രമായിക്കും വിവാഹം എന്നതാകും തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം. വിവാഹം കഴിക്കുന്നവര്‍ പരസ്പരം കാണുന്നില്ല. എന്നാല്‍ ഇത് പിന്നീട് വലിയ കുരുക്കായി മാറും. പണം നഷ്ടപ്പെടുമെന്ന് മാത്രമല്ല,ജയില്‍ വാസവും നാടുകടത്തലുമൊക്കെ നേരിടേണ്ടിവരും.