സ്ത്രീകളുടെ ലൈംഗികാതിക്രമ പരാതി: കെറ്ററിംഗില്‍ മലയാളിയ്ക്ക് 3 വര്‍ഷം ജയില്‍ശിക്ഷ
യുകെ മലയാളികള്‍ക്ക് നാണക്കേടായി കെറ്ററിംഗില്‍ മലയാളിയ്ക്ക് ജയില്‍ശിക്ഷ. പൊതുവഴിയില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് 47 കാരനായ ബിനു പോളിന് മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിക്കുന്നത്. 2019 മാര്‍ച്ച് 5 നാണു പരാതിക്കാധാരമായ സംഭവം. അഞ്ചു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ കോടതികള്‍ കോവിഡ് നടപടികള്‍ മൂലം ഇഴഞ്ഞ സാഹചര്യത്തിലാണ് കേസിലെ അന്തിമ വിധി താമസിക്കാന്‍ കാരണമായത്. എന്നാല്‍ മദ്യലഹരിയില്‍ സംഭവിച്ച അബദ്ധം ആണെന്നാണ് ഇയാളെ പരിചയമുള്ളവര്‍ വെളിപ്പെടുത്തുന്നത്.
ഒരു ദശകത്തോളമായി യുകെയില്‍ കഴിയുന്ന ബിനുവിനെതിരെ പൊതു നിരത്തില്‍ അപമര്യാദയായി പെരുമാറിയ രണ്ടു സംഭവങ്ങള്‍ ഉണ്ടായതാണ് ജയില്‍ ശിക്ഷ ഉറപ്പിച്ചത് എന്നാണു വിവരം. കേറ്ററിംഗിലും അടുത്തപട്ടണമായ റാഷ്ടനിലും ആണ് കേസിനു ആസ്പദമായ സംഭവങ്ങള്‍ ഉണ്ടായത്. 2019 മാര്‍ച്ചില്‍ സംഭവിച്ച കേസിലാണ് ഇപ്പോള്‍ കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തിന് ശേഷം 2021 ഒക്ടോബറിലും മറ്റൊരു സംഭവത്തില്‍ പരാതിക്കാരി രംഗത്ത് വന്നതും കോടതി ഗൗരവമായെടുത്തു.
ആദ്യ സംഭവത്തില്‍ സ്ത്രീയുമായി വാക്കേറ്റം ഉണ്ടായപ്പോള്‍ പുറകില്‍ നിന്നും എത്തി നിതംബത്തില്‍ അടിച്ച ശേഷം പ്രതി കടന്നു കളയുക ആയിരുന്നു എന്നാണ് പരാതി. ഈ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളാണ് പരാതിക്കാരിയുടെ രക്ഷയ്ക്ക് എത്തിയത്. എന്നാല്‍ സംഭവത്തിന് എന്താണ് പ്രകോപനമായതു എന്നത് വ്യക്തമല്ല. രണ്ടാമത്തെ സംഭവത്തില്‍ സ്ത്രീയോടുള്ള മോശം പെരുമാറ്റത്തിന് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുക ആയിരുന്നു എന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. മദ്യപാനം മൂലമുള്ള പെരുമാറ്റ വൈകല്യം ആയിരുന്നു എന്ന് തെളിയിക്കാനുള്ള ബ്രീത് അനലൈസ് പരിശോധനയ്ക്ക് വിധേയനാകാതിരുന്നതും ബിനുവിനു തിരിച്ചടിയായി. ഇക്കാരണത്താല്‍ 36 മാസത്തേക്ക് ഡ്രൈവിങ് നിരോധനവും ഏര്‍പ്പെടുത്തി.
ലൈംഗിക അക്രമ പരാതി ഉന്നയിച്ച സ്ത്രീകളുടെ വാദം കണക്കിലെടുത്തു മൂന്നുവര്‍ഷത്തെ ജയില്‍ ശിക്ഷയാണ് നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതി വിധിച്ചത്. അഞ്ചുവര്‍ഷത്തേക്ക് ഒരു കാരണവശാലും കേസിനു തയാറായ ഇരകളെ ഒരു വിധത്തിലും ബന്ധപ്പെടരുത് എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട് .ലൈംഗിക കുറ്റകൃത്യ രജിസ്റ്ററില്‍ ആജീവനാന്ത കാലം ഇയാളുടെ പേര് ഉള്‍പ്പെടുത്തണം എന്നും കോടതി നിര്‍ദേശമുണ്ട് .