ലഹരിക്കേസ് സിനിമാ താരങ്ങളിലേക്ക്; പോലീസ് റിപ്പോര്‍ട്ടില്‍ പ്രയാഗ മാര്‍ട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരുകള്‍
കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ മലയാള സിനിമാതാരങ്ങളും. ഓംപ്രകാശിനെ സന്ദര്‍ശിച്ച താരങ്ങളുടെ പേര് പുറത്തുവിട്ട് പോലീസ്. യുവതാരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദര്‍ശിച്ചതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇരുവരുടേയും പേരുണ്ട്.
പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദര്‍ശിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുളളത്. ഇവര്‍ക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേര്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയിട്ടുണ്ട്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
ഇക്കഴിഞ്ഞ ദിവസമാണ് ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയില്‍ നിന്നായിരുന്നു ഓം പ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിനായിരുന്നു അറസ്റ്റ്. ഓം പ്രകാശിനൊപ്പം പിടിയിലായ ഷിഹാസ് എന്നയാളില്‍ നിന്ന് പൊലീസ് കൊക്കൈന്‍ പിടികൂടിയിരുന്നു. കൊച്ചി മരട് പൊലീസാണ് പ്രകാശിനെ കസ്റ്റഡിയില്‍ എടുത്തത്. ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയയത്. നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തലസ്ഥാനം കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഓം പ്രകാശിന്റെ സാന്നിദ്ധ്യം രണ്ട് ദിവസമായി കൊച്ചിയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന തുടങ്ങിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരി ഇടപാടെന്ന സംശയത്തിലാണ് നാര്‍ക്കോട്ടിക് വിഭാഗം പരിശോധന നടത്തിയത്. ആദ്യം കരുതല്‍ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. പിന്നീട് ഹോട്ടലിലെത്തിച്ചും വിവരങ്ങള്‍ തേടിയിരുന്നു.