തന്നെ വിശ്വസിച്ച് ചികിത്സ തേടിയെത്തുന്ന വനിതാ രോഗികളെ പീഡിപ്പിച്ച 65-കാരനായ ഫാമിലി ഡോക്ടര്‍ക്ക് 22 വര്‍ഷം ജയില്‍ശിക്ഷ. ഏഴ് വനിതാ രോഗികളോട് മോശമായി പെരുമാറിയ കേസിലാണ് 'വിശ്വസ്തനെന്ന് പേരെടുത്ത ജിപി അകത്തായത്. ജിപിയായിരുന്ന സ്റ്റീഫന്‍ കോക്‌സ് തന്റെ പദവി ദുരുപയോഗം ചെയ്താണ് രോഗികളെ ചൂഷണത്തിന് വിധേയമാക്കിയത്.
പതിവ് പരിശോധനകള്‍ക്കിടെ രോഗികളെ മോശമായി സ്പര്‍ശിക്കുകയും, ശരീരം ഇവരുടെ ദേഹത്ത് അമര്‍ത്തുകയും ചെയ്തിരുന്നതായാണ് ആരോപണങ്ങള്‍. ഡോക്ടറെന്ന പദവിക്ക് പിന്നില്‍ മുഖം മറച്ചായിരുന്നു ഷ്രോപ്ഷയര്‍ വെല്‍ഷ്പൂളിലെ സ്റ്റോക്ക്ടണ്‍ മില്ലില്‍ നിന്നുള്ള കോക്‌സ് ഈ അതിക്രമങ്ങള്‍ നടത്തിയത്. 1980-കള്‍ മുതല്‍ 1990-കള്‍ വരെയുള്ള കാലയളവിലായിരുന്നു ബെര്‍ക്ഷയര്‍ ബ്രാക്ക്‌നെല്‍ സര്‍ജറിയില്‍ വെച്ച് ഇയാള്‍ രോഗികളെ അക്രമിച്ചത്.
റീഡിംഗ് ക്രൗണ്‍ കോടതിയില്‍ നാല് ആഴ്ച നീണ്ട പുനര്‍വിചാരണയ്ക്ക് ഒടുവിലാണ് കോക്‌സിന് 12 കുറ്റങ്ങളില്‍ കോക്‌സ് കുറ്റക്കാരനായി കണ്ടെത്തിയത്. നാല് കുറ്റങ്ങളില്‍ വിടുതലും നല്‍കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതായി തെയിംസ് വാലി പോലീസ് പറയുന്ന 16 കുറ്റങ്ങളും ഇയാള്‍ സമ്മതിച്ചിരുന്നില്ല.
എന്നാല്‍ ഏഴ് വനിതാ രോഗികളെ പതിവ് മെഡിക്കല്‍ പരിശോധനകളെന്ന പേരില്‍ കോക്‌സ് തുടര്‍ച്ചയായി മോശമായി പെരുമാറിയെന്ന് പോലീസ് കൂട്ടിച്ചേര്‍ക്കുന്നു. രോഗികളെ അനാവശ്യമായി വസ്ത്രം മാറ്റിക്കുകയും, സ്തനങ്ങളില്‍ സ്പര്‍ശിക്കുകയും, ശരീരത്തില്‍ ചേര്‍ന്നുനില്‍ക്കുകയും, ആവശ്യമില്ലാത്ത സ്വകാര്യ പരിശോധനകള്‍ നടത്തുകയും, ഗ്ലൗസ് ഉപയോഗിക്കാതെ ഇരിക്കുകയും ചെയ്തിരുന്നതായി ആരോപണങ്ങളില്‍ പറയുന്നു. തനിക്കെതിരെ പരാതി നല്‍കാന്‍ ഇടയില്ലെന്ന് ധരിച്ച സ്ത്രീകള്‍ക്ക് നേരെയാണ് കോക്‌സ് അതിരു വിട്ട ലൈംഗിക അതിക്രമം നടത്തിയതെന്ന് ജഡ്ജ് കണ്ടെത്തി.