മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍; ചെറുകിട ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ധിപ്പിക്കുന്നു; പലിശ നിരക്ക് കുറയ്ക്കല്‍ അനിശ്ചിതത്വത്തില്‍
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം രൂക്ഷമാകുന്നത് യുകെയിലെ മോര്‍ട്ട്‌ഗേജ് കാര്‍ക്ക് കടുത്ത വെല്ലുവിളിയാകുന്നു. യുകെയില്‍ പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിനെ കുറിച്ച് ആലോചനകള്‍ നടക്കുന്നതിനിടെ മിഡില്‍ ഈസ്റ്റില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം വ്യാപിക്കുന്നത് തിരിച്ചടിയാകുന്നു. പലിശ നിരക്ക് കുറയുന്നതും കാത്തിരിക്കുന്ന ഘട്ടത്തിലാണ് ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം പശ്ചിമേഷ്യ ഒട്ടാകെ വ്യാപിക്കുന്നത്. ഇസ്രയേല്‍- ഇറാന്‍ യുദ്ധ സാധ്യതയും വെല്ലുവിളിയാണ്. ഇത് എണ്ണവിലയെ സ്വാധീനിക്കുമെന്ന ആശങ്കയിലാണ് ധനവിപണി.
വിന്റര്‍ സീസണില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് മിഡില്‍ ഈസ്റ്റ് സംഘര്‍ഷം രൂക്ഷമാകുന്നത്. ഇതോടെ മോര്‍ട്ട്‌ഗേജ് നിരക്ക് കുറയുമെന്ന് കരുതിയവര്‍ക്ക് നിരാശയാണ് ഫലം. ലെന്‍ഡര്‍മാര്‍ കടം കൊടുക്കുന്നതിന്റെ ചെലവ് നിശ്ചയിക്കുന്ന സ്വാപ്പ് റേറ്റുകള്‍ കഴിഞ്ഞ ആഴ്ചാവസാനത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് പ്രതിസന്ധി എണ്ണവിലയെ സ്വാധീനിക്കുകയും, പണപ്പെരുപ്പം ഉയര്‍ത്തുകയും ചെയ്യുമെന്ന ആശങ്കയിലാണ് ഇത്.
ഇത് സംഭവിച്ചാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് കുറയ്ക്കാന്‍ കൂടുതല്‍ സമയമെടുക്കും. ചെറുകിട ലെന്‍ഡര്‍മാരായ ആല്‍ഡെര്‍മോര്‍, കീസ്‌റ്റോണ്‍ എന്നിവര്‍ റേറ്റ് ഉയര്‍ത്തുകയോ, പ്രൊഡക്ടുകള്‍ പിന്‍വലിക്കുകയോ ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പല സ്ഥാപനങ്ങളും ഈ വഴി പിന്തുടരുമെന്നും വ്യക്തമായി.
നിരക്ക് കുറയാനുള്ള കാത്തിരിപ്പ് തല്‍ക്കാലം വേണ്ടെന്നാണ് ബ്രൂക്ലിന്‍സ് ഫിനാന്‍ഷ്യല്‍ ഡയറക്ടര്‍ ഹാര്‍പ്‌സ് ഗാര്‍ച്ച വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വാപ്പ് റേറ്റ് ഉയരുകയാണ്. ഇത് തുടര്‍ന്നാല്‍ വലിയ ലെന്‍ഡര്‍മാരും ഈ നീക്കം നടത്തും.
ആഗസ്റ്റിലാണ് കേന്ദ്ര ബാങ്ക് പലിശകള്‍ 5.25 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറച്ചത്. 2020 മാര്‍ച്ചിന് ശേഷം ആദ്യമായായിരുന്നു ഈ നീക്കം. പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് എത്തിയതോടെയാണ് നിരക്ക് കുറയ്ക്കാന്‍ തയ്യാറായത്. ഇതിന് ശേഷം പണപ്പെരുപ്പം 2.2 ശതമാനത്തിലേക്ക് ഉയര്‍ന്നു.