ബ്രിട്ടനില്‍ ജോലിചെയ്യുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ബില്ലുമായി ലേബര്‍ സര്‍ക്കാര്‍ . ലക്ഷക്കണക്കിന് ജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സുപ്രധാന അധികാരങ്ങളുള്ള പുതിയ ഏജന്‍സിക്കും രൂപം നല്‍കുമെന്ന് ബില്‍ വ്യക്തമാക്കുന്നു.
ഗവണ്‍മെന്റ് നടപ്പാക്കുന്ന എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് നിയമനിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഫെയര്‍ വര്‍ക്ക് ഏജന്‍സിക്ക് രൂപം കൊടുക്കുന്നത്. മാന്യമല്ലാത്ത രീതിയില്‍ ജോലിക്കാരെ പുറത്താക്കുന്നതിനും, ചൂഷണപരമായ കരാറുകള്‍ക്കും എതിരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഏജന്‍സിയാകും ഇത്.
ഇതിലെ ഓഫീസര്‍മാര്‍ക്ക് പരിശോധന നടത്താനും, ജോലിക്കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ പുതിയ ശിക്ഷകള്‍ ഏര്‍പ്പെടുത്താനും അധികാരമുണ്ടാകും. ഹോളിഡേ പേ, മിനിമം വേജ് തുടങ്ങിയവയെല്ലാം ഇതില്‍ പെടും. ദുരവസ്ഥകള്‍ നേരിടുന്നവര്‍ക്ക് പുതിയ ഏജന്‍സിയില്‍ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും.
നിലവിലെ അവകാശങ്ങളായ നാഷണല്‍ മിനിമം വേജ്, മോഡേണ്‍ സ്ലേവറി ആക്ടിലെ ചില ഭാഗങ്ങള്‍ എന്നിവ പ്രകാരവും ഏജന്‍സിക്ക് അധികാരം നല്‍കാനാണ് നീക്കം. തലമുറകള്‍ക്കിടെ കാണാത്ത തോതില്‍ ജോലിക്കാരുടെ അവകാശങ്ങള്‍ പരിഷ്‌കരിക്കുന്ന നിമിഷമാണ് ഈ ബില്ലെന്ന് ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ പറഞ്ഞു. എന്നാല്‍ പുതിയ ഏജന്‍സിയെ സൃഷ്ടിക്കാന്‍ 2026 വരെയെങ്കിലും കാലതാമസം നേരിടും.