ജെയിംസ് ക്ലെവര്‍ലിയെ നാടകീയമായി പുറത്താക്കി ടോറി എംപിമാര്‍; അവസാന മത്സരം ജെന്റിക്കും ബാഡ്‌നോക്കും തമ്മില്‍
ടോറികളുടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള പോരാട്ടത്തില്‍ നാടകീയ വഴിത്തിരിവ്. ഇതുവരെ മുന്നില്‍ നിന്ന ഷാഡോ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിയെ നാടകീയ നീക്കത്തിലൂടെ ടോറി എംപിമാര്‍ പുറത്താക്കി. എം പി മാര്‍ വോട്ടു ചെയ്യുന്ന അവസാന ഘട്ടത്തില്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി റോബര്‍ട്ട് ജെന്റിക്കും കെമി ബാഡ്‌നോക്കും മുന്നിലെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ഒന്നാമതെത്തിയ ക്ലെവര്‍ലിക്ക് അവസാന റൗണ്ടില്‍ 37 വോട്ടുകള്‍ മാത്രമാണ് നേടാനായത് ബാഡ്‌നോക്കിന് 42 ഉം ജെന്റിക്കിന് 41 ഉം വോട്ടുകള്‍ ലഭിച്ചു. അവസാന വട്ട വോട്ടിംഗില്‍ താരതമ്യേന ദുര്‍ബലമായ എതിരാളിയെ ലഭിക്കാന്‍ ക്ലെവര്‍ലിയുടെ അനുയായികള്‍ ജെന്റിക്കിന് വോട്ടുകള്‍ മറിച്ചു നല്‍കി എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അതേസമയം, കഴിഞ്ഞ റൗണ്ടില്‍ ജെന്റിക്കിന്റെ അനുയായികള്‍ ക്ലെവര്‍ലിക്ക് വോട്ട് ചെയ്തെന്നും ഇത്തവണ അത് നടന്നില്ലെന്നും വേറൊരു വിഭാഗം ആരോപിക്കുന്നു.
ബോറിസ് ജോണ്‍സണ്‍ രാജിവെച്ചൊഴിഞ്ഞപ്പോള്‍ നേതൃസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍, എം പി മാരുടെ വോട്ടിംഗില്‍ ഏറെ മുന്നിട്ടു നിന്ന വെള്ളക്കാരനല്ലാത്ത റിഷി സുനകിനെ പോലെ ഇത്തവണ എം പിമാരുടെ വോട്ടിംഗില്‍ മുന്നിട്ട് നിന്നത് കറുത്ത വര്‍ഗ്ഗക്കാരനായ ജെയിംസ് ക്ലെവര്‍ലിയായിരുന്നു.
പാര്‍ട്ടി സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരില്‍ ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ക്ലെവര്‍ലി അതിന്റെ ബലത്തില്‍ കഴിഞ്ഞ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച സ്ഥാനാര്‍ത്ഥി ആയിരുന്നു. കഴിഞ്ഞ റൗണ്ടില്‍ പുറത്തായ ടോം ടുഗെന്‍ഡട്ടിന്റെ മിതവാദികളായ അനുയായികളുടെ വോട്ട് ഈ റൗണ്ടില്‍ ക്ലെവര്‍ലിക്ക് ലഭിക്കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ വോട്ടുകള്‍ കുറയുകയാണ് ഉണ്ടായത്. ഇതാണ് ക്ലെവര്‍ലിയുടെ അനുയായികള്‍ വോട്ടു മറിച്ചു എന്ന സംശയം ഉയരാന്‍ കാരണമായത്.
ഇനി പാര്‍ട്ടി അംഗങ്ങളാണ് അന്തിമ വിധി എഴുതുന്നത്. പാര്‍ട്ടിക്കുള്ളില്‍ അടിത്തട്ടില്‍ വരെ ഏറെ അനുയായികളുള്ള ബാഡ്‌നോക്ക് വിജയിക്കും എന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിധിയെഴുതുമ്പോഴും, റോബര്‍ട്ട് ജെന്റിക്കിനെ അത്ര എളുപ്പത്തില്‍ തള്ളിക്കളയാന്‍ ആകില്ല എന്നാണ് മറു വിഭാഗം പറയുന്നത്. രണ്ടുപേരും പാര്‍ട്ടിക്കുള്ളിലെ വലതു പക്ഷത്തെ പിന്തുണക്കുന്നവരാണ്. അതുകൊണ്ടു തന്നെ എതിര്‍പക്ഷത്തെ വോട്ടുകളാകും നിര്‍ണ്ണായകമാവുക.
പാര്‍ട്ടി സമ്മേളനങ്ങളില്‍ ഏറെ തിളങ്ങാന്‍ കഴിയാതെ പോയവരാണ് ജെന്റിക്കും ബേഡ്‌നോക്കുമെന്നതാണ് ശ്രദ്ധേയം. നവംബര്‍ രണ്ടിന് നടക്കുന്ന വോട്ടിംഗില്‍ പാര്‍ട്ടി അംഗങ്ങളായിരിക്കും ആര് നേതാവാകണം എന്നതിന് അന്തിമ തീരുമാനമെടുക്കുക.