കൊച്ചി: എറണാകുളം ചോറ്റാനിക്കരയ്ക്കടുത്ത് മാമല കക്കാട് അധ്യാപക ദമ്പതികളും രണ്ടു മക്കളും മരിച്ചനിലയില്‍. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മാമല കക്കാട് പടിഞ്ഞാറേവാര്യത്ത് രഞ്ജിത് (45), ഭാര്യ രശ്മി (40), മക്കളായ ആദി (12), ആദ്യ (8) എന്നിവരെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കണ്ടനാട് സെന്റ് മേരീസ് സ്കൂളിലെ അധ്യാപകനാണ് രഞ്ജിത്. രശ്മി പൂത്തോട്ട എസ്എന്‍ഡിപി സ്കൂളിലെ അധ്യാപികയാണ്. രണ്ടു മക്കളും ഇവിടുത്തെ വിദ്യാര്‍ഥികളാണ്. ഇന്നു രാവിലെ സ്കൂളില്‍ ചെല്ലാതിരുന്നപ്പോള്‍ സ്കൂളില്‍ നിന്ന് വിളിച്ചെങ്കിലും മറുപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു.
തുടര്‍ന്ന് പഞ്ചായത്ത് അംഗം അയല്‍ക്കാരുമായി എത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. അധ്യാപക ദമ്പതികള്‍ ഡൈനിങ് മുറിയില്‍ തൂങ്ങി മരിച്ച നിലയിലും മക്കളുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയിട്ടുള്ളത്.
മുറിയില്‍നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കാരണമായി പറഞ്ഞിരിക്കുന്നതെങ്കിലും ഇരുവരും അധ്യാപകരായ സാഹചര്യത്തില്‍ ഇതു മാത്രമാണോ കാരണമെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.