പാലാ :കടനാട് കാവുംകണ്ടത്തു ദമ്പതികളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാവുംകണ്ടം കണംകൊമ്പില്‍ റോയി (60), ഭാര്യ ജാന്‍സി (55) എന്നിവരാണു മരിച്ചത്. ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
റോയിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലും ജാന്‍സിയെ വീടിനുള്ളില്‍ നിലത്തു കമിഴ്ന്നുകിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്. ഇവരുടെ ഏക മകന്‍ (9 വയസ്) സ്‌കൂളിലായിരുന്നു. 3–ാം ക്ലാസ് വിദ്യാര്‍ഥിയാണ്. വിവാഹം കഴിഞ്ഞ് 28 വര്‍ഷത്തിനു ശേഷമാണ് ദമ്പതികള്‍ക്കു മകന്‍ പിറന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് ആണു സംഭവം പുറത്തറിഞ്ഞത്. സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലി ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഡിവൈഎസ്പി കെ.സദന്‍, മേലുകാവ് എസ്എച്ച്ഒ എം.ഡി.അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. തൊടുപുഴയിലുള്ള സഹോദരനെ വിളിച്ചു പറഞ്ഞശേഷമാണു റോയി ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു.
ജാന്‍സി മീനച്ചില്‍ കാരിക്കൊമ്പില്‍ കുടുംബാംഗമാണ്. സംസ്കാരം ഇന്നു 4.30നു കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍.