ബജറ്റിന്റെ തുടര്‍ചലനങ്ങള്‍: 18 മാസത്തിനിടെയിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട് പൗണ്ട്
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നികുതി ബോംബിന്റെ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടുതുടങ്ങി. 18 മാസത്തിനിടെയിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടിരിക്കുകയാണ് പൗണ്ട്. ഡോളറിനെതിരെ 1.30 ല്‍ നിന്ന് പൗണ്ട് മൂല്യം 1.28 ആയി ഇടിഞ്ഞു. ഡോളറിനെതിരെ ഒരു മാസം മുമ്പ് പൗണ്ട് 1.33 എന്ന നിലയിലെത്തിയതായിരുന്നു. രൂപയ്‌ക്കെതിരെ 108.44 എന്ന നിലയിലും പൗണ്ട് മൂല്യം കുറഞ്ഞു. നേരത്തെ 111.22 എന്ന നിലയിലെത്തിയിരുന്നു.
ഈ വര്‍ഷം ഡോളറിന് എതിരെ സ്‌റ്റെര്‍ലിംഗ് കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുമെന്നാണ് അനലിസ്റ്റുകളുടെ നേരത്തെയുള്ള പ്രവചനം . 1.35 ഡോളര്‍ വരെ എത്തുമെന്നാണ് യുഎസ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഗോള്‍ഡ്മാന്‍ സാഷസ് പ്രവചനം. എന്നാല്‍ അതൊക്കെ തെറ്റുകയാണ്.
പലിശ നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്കിടയില്‍ ഇല്ലാതായതോടെയാണ് പൗണ്ടിന്റെ മൂല്യം നേരത്തെ ഉയര്‍ന്നത് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അതോടൊപ്പം തന്നെ ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുമെന്ന വിപണി പ്രതീക്ഷയും പൗണ്ടിന്റെ മൂല്യം ഉയരുന്നതിന് ഇടയാക്കിയിരുന്നു. എന്നാല്‍ ബജറ്റിന് ശേഷം അതിനൊക്കെ മങ്ങലേറ്റിരിക്കുകയാണ്.
യുകെ സ്റ്റോക്ക് മാര്‍ക്കറ്റുകളും ഇടിഞ്ഞു. 70 ബില്ല്യണ്‍ പൗണ്ടിന്റെ നിക്ഷേപ പദ്ധതികള്‍ക്കായി കൂടുതല്‍ കടം എടുക്കാനുള്ള ചാന്‍സലറുടെ നീക്കമാണ് വിപണികളെ ഞെട്ടിച്ചത്.
ഇതിന് പുറമെ പണപ്പെരുപ്പം ശക്തിയോടെ 2 ശതമാനത്തിന് മുകളില്‍ നില്‍ക്കുമെന്ന ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പ്രവചനവും തിരിച്ചടിയായി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് കുറയ്ക്കലാണ് ഇനിയുള്ള ഏക പ്രതീക്ഷ. എന്നാല്‍ പണപ്പെരുപ്പം ഉയര്‍ന്ന തോതില്‍ തുടര്‍ന്നാല്‍ കേന്ദ്ര ബാങ്ക് ഇതിന് തയ്യാറാകുകയുമില്ല
ബജറ്റിന് സാമ്പത്തിക വിപണിയില്‍ തണുപ്പന്‍ വരവേല്‍പ്പ് ആണ് ലഭിച്ചത്. ഗവണ്‍മെന്റ് കടമെടുപ്പ് ചെലവുകള്‍ ഉയര്‍ന്നതോടെ ബ്രിട്ടീഷ് വിപണികളില്‍ തിരക്കിട്ട വില്‍പ്പനയാണ് നടക്കുന്നത്. ബോണ്ട് വ്യാപാരികള്‍ പലിശ നിരക്കുകള്‍ 4.56 ശതമാനം വരെയാണ് ഉയര്‍ത്തിയത്. ലിസ് ട്രസിന്റെ മിനി ബജറ്റിനേക്കാള്‍ ഉയരത്തിലാണ് ഇത്. ഇതോടെ 2023 ആഗസ്റ്റിന് ശേഷം ഗവണ്‍മെന്റ് കടമെടുപ്പ് ചെലവുകള്‍ മാനംമുട്ടെ ഉയരുമെന്ന് വ്യക്തമായി.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വേഗത്തില്‍ കുറയ്ക്കില്ലെന്ന് വ്യക്തമായതോടെ ബ്രിട്ടീഷ് ഭവനനിര്‍മ്മാതാക്കളുടെ ഓഹരികള്‍ വിപണിയില്‍ തകര്‍ന്നു. ബജറ്റിന് മുന്‍പ് പ്രതീക്ഷിച്ച നിലയില്‍ ഇനി പലിശ നിരക്ക് താഴില്ലെന്ന് അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് സാധ്യത മങ്ങിയത്.
ഈ വര്‍ഷം മറ്റൊരു പലിശ കുറയ്ക്കല്‍ മാത്രം നടക്കാനാണ് സാധ്യതയെന്ന് നിക്ഷേപകര്‍ കരുതുന്നു. ചാന്‍സലര്‍ പ്രഖ്യാപിച്ച കടമെടുപ്പ് ചെലവുകള്‍ പണപ്പെരുപ്പത്തെ സമ്മര്‍ദത്തിലാക്കുകയും, പലിശ കുറയ്ക്കുന്നത് വേഗത്തിലാക്കാനുള്ള ബാങ്ക് നടപടികള്‍ക്ക് പാര വെയ്ക്കുകയും ചെയ്യും.