മുറിക്കകത്ത് പൊലീസുകാരെ പൂട്ടിയിടണമായിരുന്നു, അന്തസും ആണത്തവുമില്ലാത്ത തെമ്മാടിത്തമെന്ന് കെ സുധാകരന്‍
പാലക്കാട് രാഷ്ട്രീയനേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ അര്‍ധരാത്രിയുണ്ടായ പൊലീസ് പരിശോധനയില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മ്ലേച്ഛമായ സംഭവമാണെന്നും ഇങ്ങനെ പൊലീസുകാരെ അഴിച്ചുവിടുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് നടന്നത് പൊലീസ് അതിക്രമം. പൊലീസിനെ കയരൂറി വിടുന്നു. പൊലീസ് ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കും
ആണത്തമില്ലാത്ത തെമ്മാടിത്തരമാണ് പൊലീസ് നടത്തിയതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. പാലക്കാട്ടേയ്ക്ക് തിരിക്കുമെന്നും തുടര്‍ പ്രതിഷേധ പരിപാടികള്‍ നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
ആസൂത്രിതമായ സംഭവമായിരുന്നു ഇതെന്നും സുധാകരന്‍ ആരോപിച്ചു. വനിതാ പ്രവര്‍ത്തകരെ കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമിച്ചു. എന്തടിസ്ഥാനത്തിലാണ് അവര്‍ കയറാനുള്ള ധൈര്യം കാണിച്ചത്? മുറിക്കകത്ത് പൊലീസുകാരെ പൂട്ടിയിടണമായിരുന്നുവെന്നും ഈ മ്ലേച്ഛമായ സംഭവത്തില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം തുടരുമെന്നും സുധാകരന്‍ പറഞ്ഞു. അന്തസും ആണത്തവുമില്ലാത്ത തെമ്മാടിത്തമാണ് പൊലീസ് കാണിച്ചതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
അനധികൃത ഇടപാടില്ലെങ്കില്‍ എന്തിനാണ് ഭയക്കുന്നതെന്ന ടിപി രാമകൃഷ്ണന്റെ ചോദ്യത്തിന് അധിക്ഷേപ രൂപത്തിലായിരുന്നു മറുപടി. നേതാക്കന്മാരായാല്‍ ബുദ്ധിയും വിവരവും ചിന്തിക്കാന്‍ കഴിവും വേണം. അതൊന്നുമില്ലാത്ത മരക്കണ്ടന്‍ പോലത്തെ രാമകൃഷ്ണന്‍ വായില്‍തോന്നിയത് സംസാരിക്കുന്നതല്ല രാഷ്രീയമെന്നും സുധാകരന്‍ മറുപടി നല്‍കി.
പൊലീസ് പരിശോധന ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സിപിഎമ്മിന്റെ പരാജയഭീതിയാണ് ഇതിന് കാരണമെന്നും നിയമപരമായും രാഷ്ട്രീയപമായും നേരിടുമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ പരാമര്‍ശവും രാഹുല്‍ തള്ളി. അദ്ദേഹം പൊലീസിന് പൊളിറ്റിക്കല്‍ ഡയറക്ഷന്‍ കൊടുക്കുകയാണ്. ചിലരുടെ കമന്റ് ഞാന്‍ റെക്കോര്‍ഡ് ചെയ്തുവെച്ചിട്ടുണ്ട്. മുന്‍ എംഎല്‍എ എന്തിനാണ് രാത്രി വാതില്‍ തുറന്നുകൊടുക്കേണ്ടത്? കെ കെ ശൈലജയുടെ മുറിയില്‍ പൊലീസുകാര്‍ ഇത്തരത്തില്‍ കയറിയാല്‍ സിപിഎഐഎം പൊലീസ് സ്റ്റേഷന്‍ കത്തിക്കില്ലേ? എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും പാലക്കാട്ടെ ജനങ്ങള്‍ ഇരുപതാം തീയതി ഇതിനെതിരെ പ്രതികരിക്കുമെന്നും രാഹുല്‍ മറുപടി നല്‍കി.
അതേസമയം, പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ നടന്നത് സാധാരണ പരിശോധനയെന്ന് മന്ത്രി എംബി രാജേഷ് ന്യായീകരിച്ചു. എന്തിനാണ് പരിശോധനയെ ഇത്ര വലിയ പുകിലായി കാണുന്നതെന്നും അത് സ്വഭാവികമായ കാര്യമാണെന്നും എംബി രാജേഷ് പറഞ്ഞു. അതേസമയം ആളുകളെ കൂട്ടി പൊലീസ് റെയ്ഡ് കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്നും എംബി രാജേഷ് ആരോപിച്ചു.
കോണ്‍ഗ്രസിന്റെ ഇത്തരം പ്രവര്‍ത്തി അങ്ങേയറ്റം ദുരൂഹവും സംശയാസ്പദവുമാണെന്നും എംബി രാജേഷ് ആരോപിച്ചു. എല്ലാ രാഷ്ട്രീയ നേതാക്കളുടെയും മുറിയില്‍ പരിശോധന നടത്തിയിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് എന്റെ വാഹനം പോലും പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയായിട്ടും വസ്തുതകള്‍ വക്രീകരിക്കാനുള്ള ശ്രമമാണ് കാണുന്നതെന്നും എംബി രാജേഷ് കുറ്റപ്പെടുത്തി.
രണ്ട് വനിതാ നേതാക്കളുടെ മുറിയില്‍ മാത്രമല്ല പൊലീസ് പരിശോധിച്ചത്. ആദ്യം പരിശോധിച്ചത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ടിവി രാജേഷിന്റെ മുറിയാണ്. പിന്നീട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എംവി നികേഷ് കുമാറിന്റെ മുറിയിലും പരിശോധന നടത്തി. അദ്ദേഹത്തെയും ഞാന്‍ വിളിച്ചിരുന്നു.
വിശദമായ പരിശോധന നടത്തിയെന്നാണ് ടിവി രാജേഷ് പറഞ്ഞത്. രണ്ട് നേതാക്കളുടെ മുറിയില്‍ മാത്രമല്ല പരിശോധന നടത്തിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ മുറിയിലാണ് പൊലീസ് പരിശോധന നടത്തിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അവിടെ എത്തിയിരുന്നു. വനിത പൊലീസ് എത്തിയശേഷമാണ് പരിശോധ നടത്തിയതെന്നും കാര്യങ്ങള്‍ വളച്ചൊടിക്കരുതെന്നും എം ബി രാജേഷ് പറഞ്ഞു.