അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്ര വിജയത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ എന്ന് തുടങ്ങുന്നതാണ് അഭിനന്ദന കുറിപ്പ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം.
ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മോദിയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നു. ചരിത്ര വിജയത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ… മുന്‍ കാലയളവിലെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ പോലെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കുടുതല്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണം പുതുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം- നരേന്ദ്ര മോദി കുറിച്ചു. ട്രംപിനൊപ്പം ഉള്ള ഏതാനും ചിത്രങ്ങളും മോദി പങ്കുവച്ചിട്ടുണ്ട്.
അതേസമയം തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം അമേരിക്കയിലെ ജനങ്ങള്‍ക്കും തന്നോടൊപ്പം നിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും ഡോണാള്‍ഡ് ട്രംപ് നന്ദി പറഞ്ഞു. അമേരിക്കയുടെ സുവര്‍ണ കാലം വന്നെത്തിയെന്നും ട്രംപ് പറഞ്ഞു.