പുകവലി ആരോഗ്യത്തിനു ഹാനികരം ആണെങ്കിലും അത് ഉപേക്ഷിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പോലും അതിനു കഴിയാറില്ല. അത്രയ്ക്കുണ്ട് അതിന്റെ സ്വാധീനം. ഇടയ്ക്കു ഇ സിഗരറ്റ് പോലുള്ളവ എത്തിയെങ്കിലും അതും ആരോഗ്യത്തിനു ദോഷമാണ്. പുകവലിക്കാര്‍ എന്‍എച്ച്എസിനു ബാധ്യത ആയതിനാല്‍ ഇതിനു ഫലപ്രദമായി തടയിടുവാനാണവര്‍ ശ്രമിക്കുന്നത്. അതിനു ഫലമുണ്ടാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നപതിനായിരക്കണക്കിന് ആളുകള്‍ക്ക് എന്‍എച്ച് എസ് പുതിയ ചികിത്സാരീതി നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 'വരേനിക്ലൈന്‍' എന്ന ഗുളികയാണ് എന്‍എച്ച്എസ് നല്‍കുന്നത് . നേരത്തെ നല്‍കിയിരുന്ന ഗുളികയെക്കാള്‍ ഗുണമേന്മയേറിയതാണ് പുതിയ മരുന്ന് എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടി കാണിച്ചു.
ദിവസേന കഴിക്കുന്ന ഗുളിക ഫലപ്രദവും നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് ഗംമിനേക്കാള്‍ നല്ലതുമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പുകവലിയോടുള്ള ആസക്തിയെ ചെറുക്കുന്ന ഈ മരുന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് Champix എന്ന ബ്രാന്‍ഡില്‍ എന്‍ എച്ച്എസില്‍ ലഭ്യമായിരുന്നെങ്കിലും ചില പരാതികളെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു .
എന്നാല്‍ പുതിയ പതിപ്പായ വരേനിക്ലൈന്‍ കൂടുതല്‍ സുരക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വരേനിക്ലൈന്‍ ആളുകള്‍ക്ക് ഫാര്‍മസിയില്‍ നിന്നോ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നോ നേരിട്ട് വാങ്ങാന്‍ സാധിക്കില്ല. ജി പിയുടെയോ എന്‍എച്ച്എസ് സ്റ്റോപ്പ് സ്മോക്കിംഗ് സര്‍വീസിംഗിന്റെയോ ശുപാര്‍ശയോടെ ഈ മരുന്ന് ലഭിക്കുകയുള്ളൂ. നിക്കോട്ടിനോടുള്ള ആസക്തി കുറയ്ക്കുകയാണ് പ്രധാനമായും ഈ മരുന്ന് ചെയ്യുന്നത്.
പുകവലി ശീലമായിട്ടുള്ളവരുടെ ഉറക്ക കുറവ് മുതലായ ശാരീരിക വിഷമതകള്‍ കുറയ്ക്കാനും ഈ മരുന്ന് സഹായിക്കും. കടുത്ത പുകവലി ശീലമുള്ളവര്‍ക്ക് ഈ മരുന്ന് ഉപകാര പ്രദമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ കണക്കാക്കുന്നത് . ഈ മരുന്നിന്റെ ഉപയോഗം മൂലം ഓരോ വര്‍ഷവും 85,000 ആളുകളെ പുകവലി ഉപേക്ഷിക്കാന്‍ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത് .
അഞ്ച് വര്‍ഷത്തിനുള്ളില്‍ പുകവലിയുമായി ബന്ധപ്പെട്ട് 9500 മരണങ്ങള്‍ തടയാനും വരേനിക്ലൈന് കഴിയുമെന്ന് ഇതേ കുറിച്ച് ഗവേഷണം നടത്തിയ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ പഠനത്തില്‍ പറയുന്നു. യുകെയില്‍ 8 മുതിര്‍ന്നവരില്‍ ഒരാള്‍ പുകവലിക്കുന്ന ആളാണ് . രാജ്യത്തെ 6 ദശലക്ഷം ആളുകള്‍ പുകവലി ശീലമാക്കിയവരാണ്. കഴിഞ്ഞവര്‍ഷം മാത്രം ഇംഗ്ലണ്ടില്‍ പുകവലിയുമായി ബന്ധപ്പെട്ട് 400,000 ത്തിലധികം പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് .