Don't Miss

'ചിറ്റപ്പന്‍' റീലോഡഡ്: പറഞ്ഞു; പറഞ്ഞില്ല

കേരളത്തിലെ സിപിഎമ്മിനു തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജന്‍. പാര്‍ട്ടിയെ ആധുനികവത്കരണത്തിലേക്ക് നയിച്ചവരില്‍ പ്രധാനിയായ ഇ.പി. ജയരാജന്‍ ഇപ്പോള്‍ അകത്തും പുറത്തുമല്ലാത്ത സ്ഥിതിയിലാണ്. പാര്‍ട്ടിയിലെ രണ്ടാമന്‍ സ്ഥാനം പോലും നഷ്ടമായ ഇ.പി ബിജെപി ദേശീയ നേതാവുമായുള്ള കൂടിക്കാഴ്ചയും നീക്കുപോക്കും പരസ്യമായതോടെ അപ്രിയനായി മാറി. ഇപ്പോള്‍ തന്റെ ആത്മകഥയിലൂടെ വീണ്ടും വെടിപൊട്ടിച്ചിരിക്കുകയാണ് ചിറ്റപ്പന്‍.

പാര്‍ട്ടിയും സര്‍ക്കാരും തെറ്റുകള്‍ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ 'കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം'ത്തില്‍ പറയന്നു. പാര്‍ട്ടി തന്റെ ഭാഗം കേള്‍ക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. വിവാദ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഇപിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. മാത്രമല്ല രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും ഇ പി പറയുന്നു.

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചയാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സെക്രട്ടറിയേറ്റില്‍ അറിയിച്ചശേഷമാണ് സാന്റിയാഗോ മാര്‍ട്ടിന്‍ അടക്കമുള്ളവരില്‍ നിന്നും ദേശാഭിമാനിക്ക് പരസ്യം വാങ്ങിയത്. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ തനിക്ക് എതിരെ ആയുധമാക്കി. ഡോ.പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുന്നു. ചേലക്കരയില്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിനും ദോഷമുണ്ടാക്കുമെന്നു പുസ്തകത്തില്‍ പറയുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വിശദമായ മറുപടി പറയുന്ന പുസ്തകം ഡിസി ബുക്ക്‌സ് ഇന്ന് പുറത്തിക്കാനിരിക്കുവായിരുന്നു. എന്നാല്‍ വിവാദ ഭാഗങ്ങള്‍ പുറത്തുവന്നതോടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ തള്ളി ഇപി രംഗത്തുവന്നു . ആത്മകഥ പൂര്‍ത്തിയായിട്ടില്ല എന്നായിരുന്നു ന്യായീകരണം. താന്‍ ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ലെന്നും ഇ.പി. പറയുന്നു. ചുരുക്കത്തില്‍ പറഞ്ഞതും പറഞ്ഞില്ലെന്നു പറയേണ്ട സ്ഥിതി.

ഇഎംഎസ് നൊപ്പമുള്ള ഇപിയുടെ ചിത്രമാണ് കവര്‍പേജ് ആയി നല്‍കിയിട്ടുള്ളത്. കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറ്റിയതില്‍ വലിയ പ്രയാസം ഉണ്ടാക്കിയതായാണ് ഇപി ജയരാജന്‍ ആത്മകഥയില്‍ പറയുന്നത്. താന്‍ ഇല്ലാത്ത സെക്രട്ടറിയേറ്റില്‍ ആണ് വിഷയം ചര്‍ച്ച ചെയ്തത്. പദവി നഷ്ടപ്പെട്ടു എന്നതിലല്ല പ്രയാസം. പാര്‍ട്ടി മനസ്സിലാക്കിയില്ല എന്നതാണ്. കേന്ദ്ര കമ്മറ്റി അംഗമായ തനിക്കെതിരെ തീരുമാനമെടുക്കേണ്ടത് കേന്ദ്രകമ്മിറ്റി ആണ്. ഈ വിഷയത്തില്‍ പറയാനുള്ളത് കേന്ദ്രകമ്മിറ്റി അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഉണ്ടാകേണ്ടത് അവിടെയാണ്. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയില്‍ പറയേണ്ടത് അവിടെ പറയുക എന്നതാണ് കമ്മ്യൂണിസ്റ്റ് ധര്‍മ്മം. എന്നാല്‍ ഈ വിഷയത്തില്‍ പാര്‍ട്ടിയെടുത്ത തീരുമാനം അണികള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി. എത്ര വിമര്‍ശനങ്ങള്‍ ഉണ്ടായാലും പാര്‍ട്ടിക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് ഇപി ആത്മകഥയില്‍ വ്യക്തമാക്കുന്നു.

എല്ലാ മാധ്യമ സ്ഥാപനങ്ങളും പരസ്യം വാങ്ങിയത് പോലെയാണ് ദേശാഭിമാനിയും വാങ്ങിയതെന്ന് ഇപി ജയരാജന്‍ പറയുന്നു. എന്നാല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി വാങ്ങിയ പരസ്യം ബോണ്ട് വിവാദമാക്കി. പാര്‍ട്ടിയിലെ വിഭാഗീയത ഇത്തരം കാല്പനിക സൃഷ്ടികള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. തന്നെയും ദേശാഭിമാനിയെയും താറടിച്ചു കാണിക്കാന്‍ വിഭാഗീയതയ്ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ ശ്രമിച്ചു. വ്യവസായി വി എം രാധാകൃഷ്ണന്‍ നിന്നും പരസ്യം വാങ്ങിയതും ചിലര്‍ വിവാദമാക്കി. പരസ്യം വാങ്ങിയെങ്കിലും ഒരു വാര്‍ത്തയും രാധാകൃഷ്ണനു അനുകൂലമായി നല്‍കിയിട്ടില്ല. വി എം രാധാകൃഷ്ണന്‍ ദേശാഭിമാനി കെട്ടിടം വിറ്റു എന്നത് വ്യാജ വാര്‍ത്തയാണ്. പുറത്താക്കിയ ഡെപ്യൂട്ടി മാനേജര്‍ വേണുഗോപാലിനെ തിരിച്ചെടുത്തത് താന്‍ അറിയാതെയാണ്. ഡിജിറ്റല്‍ ഒപ്പ് താന്‍ അറിയാതെ ഇതിനുവേണ്ടി ഉപയോഗിച്ചു. സാന്റിയാഗോ മാര്‍ട്ടിനും രാധാകൃഷ്ണനും വേണ്ടി ഒരു വിട്ടുവീഴ്ചകളും നല്‍കിയിട്ടില്ലെന്ന് ആത്മകഥയില്‍ ഇപി പറയുന്നു.

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്‌ദേക്കറുമായി ഇ.പി. ജയരാജന്‍ കൂടിക്കാഴ്ച നടത്തിയെന്ന് വിവാദ ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയതോടെയാണ് ഇ പി ഇതിനു മുമ്പ് വാര്‍ത്താ താരമായത് . ഇ.പി. ജയരാജന്‍ ബി.ജെ.പിയിലേക്കു വരാന്‍ ചര്‍ച്ച നടത്തിയെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റും ആലപ്പുഴയിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ശോഭാ സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയ്ക്കായി ഇ.പി ജയരാജന്റെ മകന്‍ തന്നെ ബന്ധപ്പെട്ടിരുന്നെന്നു പറഞ്ഞ ശോഭ സുരേന്ദ്രന്‍, തെളിവായി വാട്‌സ്ആപ്പ് ചാറ്റും പുറത്തുവിട്ടു. ജയരാജന്‍ ബി.ജെ.പിയില്‍ ചേരുന്നതിനുള്ള 90 ശതമാനം ചര്‍ച്ചകളും പൂര്‍ത്തിയായിരുന്നെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍ ശോഭ സുരേന്ദ്രന്‍ ഫോണ്‍ നമ്പര്‍ ബലമായി വാങ്ങി മെസേജ് വിടുന്നതാണെന്നും ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍ ചായ കുടിക്കാന്‍ വന്നതാണെന്നുമാണ് ഇ പി ആണയിടുന്നത്.

പരിപ്പുവടയും കട്ടന്‍കാപ്പിയും ദിനേശ് ബീഡിയും വലിച്ചിരിക്കുന്ന സഖാക്കളുടെ കാലം എന്നേ കഴിഞ്ഞു. ഇപ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പണ്ട് വിശേഷിപ്പിച്ചിരുന്ന ബൂര്‍ഷായുമായി ഇടപാടുകള്‍ നടത്തുന്ന നേതാക്കളുടെ കാലമാണ്. അതേ ഇപിയും ചെയ്തുള്ളൂ.

മുമ്പ് ദേശാഭിമാനി ജനറല്‍ മാനേജരും മന്ത്രിയും പിന്നീട് ഇടതുമുന്നണി കണ്‍വീനറുമായ ഇ പി ജയരാജന്‍ സിപിഎം കേന്ദ്രകമ്മറ്റി അംഗം കൂട്ടിയാണെന്നോര്‍ക്കണം

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയതും ദേശാഭിമാനിക്ക് പരസ്യം വാങ്ങിച്ചതും ഒന്നും തനിക്കു വേണ്ടിയായിരുന്നില്ല. മന്ത്രിയായപ്പോള്‍ ചിറ്റപ്പന്റെ റോളെടുത്തതും തനിക്കുവേണ്ടിയായിരുന്നില്ല.

ഇ.പി യും കുടുബത്തിനും ഓഹരിയുള്ള വൈദേഹം റിസോര്‍ട്ടും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ കമ്പനിയും തമ്മില്‍ ബിസിനസ്സ് പങ്കാളിത്തമുണ്ടെന്ന ആരോപണം വന്നതിന്റെ ക്ഷീണം മാറുന്നതിനു മുമ്പാണ് ബിജെപിയിലേക്ക് ചേക്കേറുന്നെന്ന നാണക്കേട്.

മുമ്പ് വൈദേകം- നിരാമയ റിസോര്‍ട്ടുകള്‍ തമ്മില്‍ ബന്ധമുണ്ടോ എന്നറിയില്ല എന്നാണു ഇപി പറഞ്ഞത്. നിരാമയയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയ്ക്ക് ഓഹരി പങ്കാളിത്തമുണ്ടോ എന്നും തനിക്കറിയില്ല. രാജീവ് ചന്ദ്രശേഖറുമായി തനിക്ക് ഒരു ബന്ധവുമില്ല. അദ്ദേഹത്തെ കണ്ടിട്ടുപോലുമില്ല എന്നാണ് ഇപി പറയുന്നത്. വിശ്വസിക്കണം.

എന്തായാലും ഇപിക്കെതിരെ എന്തെങ്കിലും നടപടി എടുക്കണം എന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

  • മലയാളത്തിലും ഇംഗ്ലീഷിലും ബൈബിള്‍ പകര്‍ത്തി എഴുതി യുകെ മലയാളി
  • ഒമ്പതുമാസത്തെ ബഹിരാകാശവാസത്തിന് ശേഷം സുനിതാവില്യംസും വില്‍മോറും ഭൂമിയിലേയ്ക്ക് തിരിച്ചു
  • വിശ്വസ്തര്‍ക്കു സ്ഥാനങ്ങള്‍; നിലമൊരുക്കി പിണറായി
  • ഓട്ടിസം പരിചരണത്തിലെ മിനു സ്പര്‍ശം
  • യുകെ ഫാമിലി വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സമൂഹ മാധ്യമ താരത്തിന്റെ ഭര്‍ത്താവ് അറസ്റ്റില്‍
  • ലണ്ടന്‍ സ്വദേശിയുടെ ഭാര്യയും മലയാളിയുമായ സൗമ്യ യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി
  • മലയാളി ഡോക്ടര്‍ ദമ്പതിമാരുടെ 7.5 കോടി തട്ടി; ചൈനീസ് പൗരന്മാര്‍ അറസ്റ്റില്‍
  • ഭര്‍ത്താക്കന്മാരുടെ മദ്യപാനത്തില്‍ സഹികെട്ട് വീട്ടുവിട്ടിറങ്ങിയ യുവതികള്‍ പരസ്പരം വിവാഹം കഴിച്ചു
  • യുകെ സന്ദര്‍ശനത്തിനൊരുങ്ങവേ പറ്റിക്കപ്പെട്ടെന്ന് ഡോ സൗമ്യ സരിന്‍
  • ദുരൂഹകല്ലറ പൊളിച്ചു; ഇരിക്കുന്നനിലയില്‍ ഗോപന്‍സ്വാമിയുടെ മൃതദേഹം, പ്രദേശം പോലീസ് നിയന്ത്രണത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions