മോര്‍ട്ട്‌ഗേജ് നിരക്ക് കുറയുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി ഒക്ടോബറില്‍ പണപ്പെരുപ്പം 2.3 ശതമാനത്തിലേക്ക് കുതിച്ചു. ബജറ്റ് പ്രഖ്യാപനങ്ങള്‍ ബ്രിട്ടനിലെ മോര്‍ട്ട്‌ഗേജ് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുകയാണ്. എനര്‍ജി നിരക്കുകളിലെ വര്‍ദ്ധനവാണ് പണപ്പെരുപ്പം കൂടാനുള്ള പ്രധാന കാരണം. സെപ്റ്റംബറില്‍ മൂന്ന് വര്‍ഷത്തെ കുറഞ്ഞ നിരക്കായ 1.7 ശതമാനത്തിലേക്ക് താഴ്ന്ന ശേഷമാണ് ഈ തിരിച്ചുകയറ്റം.
പണപ്പെരുപ്പം 2.2 ശതമാനം വരെ എത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ഈ പ്രതീക്ഷയും കടന്നാണ് നിരക്ക് നിന്നത്. ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന എനര്‍ജി പ്രൈസ് ക്യാപ്പിലെ 9.5% വര്‍ദ്ധനവാണ് ഇതില്‍ പ്രധാന സംഭാവന നല്‍കിയത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗ്യാസിനും, വൈദ്യുതിക്കും ചെലവേറിയതാണ് പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കിയതെന്ന് ഒഎന്‍എസ് വ്യക്തമാക്കി. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന 2 ശതമാനത്തിന് മുകളിലേക്ക് പണപ്പെരുപ്പം തിരിച്ചെത്തി. ഇതോടെ ഡിസംബറില്‍ വീണ്ടുമൊരു ബേസ് റേറ്റ് കുറയ്ക്കലിന് കേന്ദ്രബാങ്ക് മടിക്കും.
ഡിസംബറില്‍ ബേസ് റേറ്റ് 4.5 ശതമാനമായി കുറയ്ക്കുമെന്നായിരുന്നു വിപണിയുടെ പ്രതീക്ഷ. എന്നാല്‍ ഒക്ടോബറിലെ പണപ്പെരുപ്പ നിരക്ക് പുറത്തായതോടെ ആ പ്രതീക്ഷ കുറഞ്ഞു. ഈ മാസം ആദ്യം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ 4.75 ശതമാനമാക്കിയിരുന്നു. ബജറ്റില്‍ ചാന്‍സലര്‍ മിനിമം വേജ്, നാഷണല്‍ ഇന്‍ഷുറന്‍സ് എന്നിവ വര്‍ദ്ധിപ്പിച്ചത് പണപ്പെരുപ്പത്തില്‍ സമ്മര്‍ദമേറ്റുമെന്ന് ആശങ്കയുണ്ടായിരുന്നു.