നവീന്‍ ബാബുവിന്റെ മരണം: അന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ; വേണ്ടെന്നു സര്‍ക്കാര്‍
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണത്തിന് തയാറാണെന്ന് സിബിഐ. സിബി ഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ ദിശയിലാണോ അന്വേഷണം പോകുന്നത് എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി പറഞ്ഞു. അതേസമയം അന്വേഷണം കൈമാറാന്‍ തയ്യാറല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഈ മാസം 12 ലേക്ക് മാറ്റി.
കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി അറിയിക്കാനും സംസ്ഥാന സര്‍ക്കാരിനോട് കോടതി നേരത്തെ ഹര്‍ജി പരിഗണിക്കവെ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടിയിരുന്നു. നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പൊളിറ്റിക്കല്‍ ഇന്‍ഫ്ലുവന്‍സ് ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശം ആവണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ രാഷ്ട്രീയ ബന്ധം അന്വേഷണത്തെ ബാധിക്കുമോയെന്ന് കോടതി ചോദിച്ചു. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അന്വേഷണത്തില്‍ അപാകതയുണ്ടെന്നതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന കോടതിയുടെ ചോദ്യത്തിന്, കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ വാക്കാല്‍ മറുപടി നല്‍കിയത്.
സിബിഐ അന്വേഷണം വേണമെന്നും പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടി നവീന്‍ ബാബുവിന്റെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ലെന്നും കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയിക്കുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പിപി ദിവ്യയ്ക്ക് സംഭവത്തിലുള്ള പങ്കിനെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കാലത്തകരുടെയും പ്രശാന്തന്റെയും ദിവ്യയുടെയും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും ഹര്‍ജിയില്‍ മഞ്ജുഷ ആവശ്യപ്പെട്ടിരുന്നു.