രണ്ടര പതിറ്റാണ്ടു നീണ്ട അസദ് ഭരണകൂടത്തിന് അന്ത്യം കുറിച്ച് പുതിയ ഇസ്ലാമിക് ഭരണകൂടം നിലവിലെത്തുന്നതോടെ ഇസ്ലാമിക് സ്‌റ്റേറ്റ് തടവുകാരെ സ്വതന്ത്രരാക്കുന്നത്തില്‍ കടുത്ത ആശങ്കയില്‍ യുകെയും യൂറോപ്പും. സിറിയയില്‍ താമസിക്കുന്ന ആയിരക്കണക്കിന് ജിഹാദികളെ തുറന്നുവിട്ടാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയരുമെന്ന് മുന്‍ എംഐ6 മേധാവി മുന്നറിയിപ്പ് നല്‍കി.
ഇവരെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ള ക്യാംപുകളിലെ സുരക്ഷ കുറച്ചാല്‍ തീവ്രവാദികള്‍ യൂറോപ്പിലേക്ക് കടന്നുകയറുമെന്നാണ് ആശങ്ക. സിറിയന്‍ ആഭ്യന്തര യുദ്ധം യുകെയ്ക്കും, യൂറോപ്പിനും പുതിയ കുടിയേറ്റ പ്രതിസന്ധി സമ്മാനിക്കുമെന്ന് ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമി മുന്നറിയിപ്പില്‍ പറയുന്നു. അസദ് വീണതോടെ നാട്ടിലേക്ക് മടങ്ങുന്ന സിറിയന്‍ അഭയാര്‍ത്ഥികള്‍ വിപ്ലവം തിരിച്ചടിച്ചാല്‍ വീണ്ടും മടങ്ങിയെത്തുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
വിമതസേന തലസ്ഥാനത്തേക്ക് എത്തിയതോടെ രാജ്യം വിട്ട അസദിന് മോസ്‌കോയില്‍ അഭയം നല്‍കിയതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. 24 വര്‍ഷം നീണ്ടും സ്വേച്ഛാധിപത്യത്തിന് ഒടുവിലാണ് അസദിന് ഭാര്യയും, മക്കളുമായി രാജ്യം വിടേണ്ടി വന്നത്. സിറിയന്‍ ജനങ്ങളുടെ 1.6 ബില്ല്യണ്‍ പൗണ്ട് കൊള്ളയടിച്ച ശേഷമാണ് നാടുവിടലെന്നാണ് റിപ്പോര്‍ട്ട്. മോസ്‌കോയില്‍ ഇയാള്‍ക്കു 18 ആഡംബര അപ്പാര്‍ട്ട്‌മെന്റുകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
അസദിനെ സ്ഥാനഭ്രഷ്ടനാക്കിയതോടെ ലണ്ടനിലുള്ള അഭയാര്‍ത്ഥികള്‍ സ്വദേശത്തേക്ക് മടങ്ങുമെന്നാണ് പറയുന്നത്. എന്നാല്‍ പുതിയ അവസ്ഥയില്‍ സിറിയന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷകള്‍ നിര്‍ത്തിവെയ്ക്കാന്‍ ബ്രിട്ടനും, ജര്‍മ്മനിയും, ഓസ്ട്രിയയും തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, സിറിയയില്‍ വിമതര്‍ ഭരണം പിടിച്ചതിനു പിന്നാലെ ഇസ്രയേലിന്റെയും ആമേരിക്കയുടെയും ആക്രമണം. തലസ്ഥാനമായ ഡമാസ്‌കസ് ഉള്‍പ്പെടെയുള്ള നാലു പ്രധാന നഗരങ്ങളിലായി നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മധ്യസിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണമാണ് യുഎസ് നടത്തിയത്. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വിമതര്‍ അട്ടിമറിച്ച പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളുടെയും ആക്രമണം. ഐഎസിന്റെ 75-ലേറെ താവളങ്ങള്‍ തകര്‍ത്തെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത ഐഎസ് മുതലെടുക്കാതിരിക്കാനാണ് ആക്രമണം നടത്തിയതെന്നും പറഞ്ഞു. ബി-52, എഫ്-15, എ-10 ബോംബര്‍ വിമാനങ്ങളുപയോഗിച്ചായിരുന്നു ആക്രമണം.
ഡമാസ്‌കസിന് പുറമേ തുറമുഖ നഗരമായ ലതാകിയയും ദാരയും ഇസ്രയേല്‍ ആക്രമിച്ചു. വിമാനത്താവളങ്ങള്‍ക്ക് നേരെയും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. വടക്കുകിഴക്കന്‍ സിറിയയിലെ ഖാമിഷ്ലി വിമാനത്താവളം, ഹോംസിന്റെ പ്രാന്തപ്രദേശത്തുള്ള ഷിന്‍ഷാര്‍ താവളം, തലസ്ഥാനമായ ഡമാസ്‌കസിന് തെക്കുപടിഞ്ഞാറുള്ള അക്റബ വിമാനത്താവളം എന്നിവയാണ് ആക്രമിച്ചത്.
ഹെലികോപ്ടറുകള്‍, ജെറ്റ് വിമാനങ്ങള്‍ എന്നിവ സജ്ജമാക്കിയിരുന്ന മൂന്ന് സൈനിക താവളങ്ങള്‍ക്കു നേരെ ബോംബാക്രമണം നടത്തിയെന്ന് സിറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.