പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹര്‍ജി. ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്. നേരത്തെ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ദിലീപിന് അനുകൂലമായി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു. കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു അവര്‍ ആരോപിച്ചത്. അതിനുശേഷം അടുത്തിടെ ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വീണ്ടും ദിലീപിന് അനുകൂലമായി ശ്രീലേഖ രംഗത്ത് വന്നിരുന്നു.
അതേസമയം, ഇതേ കേസില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അതിജീവിത കത്തയച്ചിരുന്നു. സുപ്രീം കോടതിക്കും ഹൈകോടതിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് കത്തില്‍ അതിജീവിത പറയുന്നു. മെമ്മറി കാര്‍ഡ് തുറന്നതിലും നടപടിയില്ലെന്നും കത്തിലുണ്ട്. നടിയെ ആക്രമിച്ച കേസ് അന്തമഘട്ടത്തിലെത്തിനില്‍ക്കെയാണ് അതിജീവിതയുടെ നടപടി.
മെമ്മറി കാര്‍ഡ് തുറന്നതില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയില്ലെന്നും ചട്ട വിരുദ്ധമായി മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും നടപടിയുണ്ടായില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടതെന്നും അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നല്‍കുന്നതെന്നും അതിജീവിത കത്തില്‍ പറയുന്നു.