തുടരെ രണ്ടാം മാസവും പണപ്പെരുപ്പം ഉയര്‍ന്നു; പലിശ കുറയാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശ
മോര്‍ട്ട്‌ഗേജ് നിരക്ക് കുറയുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി തുടരെ രണ്ടാം മാസവും പണപ്പെരുപ്പം കുതിച്ചു. തുടര്‍ച്ചയായ രണ്ടാം മാസവും 2.5 ശതമാനത്തിനു മുകളിലാണ് പണപ്പെരുപ്പ നിരക്ക്. കഴിഞ്ഞ എട്ടു മാസത്തെ ഏറ്റവും വലിയ നിരക്കായ 2.6 ശതമാനമാണ് നവംബറില്‍ രേഖപ്പെടുത്തിയത്. ഇന്ധനവിലയിലും വസ്ത്രവിപണിയിലും ഉണ്ടായ മാറ്റങ്ങളാണ് പണപ്പെരുപ്പ നിരക്കിനെ കഴിഞ്ഞ മാസങ്ങളില്‍ സ്വാധീനിച്ചത്. ഒക്ടോബറില്‍ പണപ്പെരുപ്പം 2.3 ശതമാനമായിരുന്നു.
രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക് അവലോകനം ചെയ്യുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് കഴിഞ്ഞ മാസത്തെ പണപ്പെരുപ്പത്തിന്റെ പുതിയ കണക്ക് ഓഫിസ് ഓഫ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ പലിശ നിരക്ക് കുറയാനുള്ള സാധ്യത ഇല്ലാതായി. നിലവില്‍ 4.75 ശതമാനമാണ് രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക്. ഇത് അതേപടി നിലനിര്‍ത്താനാണ് നിലവിലെ സാഹചര്യത്തില്‍ സാധ്യത.
പണപ്പെരുപ്പ നിരക്ക് കുതിച്ചുയര്‍ന്ന് 11 ശതമാനത്തിലെത്തിയപ്പോഴാണ് അതിനൊപ്പം പലിശ നിരക്കും ഉയര്‍ന്നത്. 0.25 ശതമാനത്തില്‍ നിന്നാണ് പലിശ നിരക്ക് പണപ്പെരുപ്പത്തിനൊപ്പം വളര്‍ന്ന് 5.50 ശതമാനം വരെയെത്തിയത്. പിന്നീട് പണപ്പെരുപ്പ നിരക്ക് രണ്ടര ശതമാനത്തിലെത്തിയപ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മൂന്നു തവണയായി 0.25 ശതമാനം വീതം പലിശ നിരക്ക് കുറച്ച് 4.75 ല്‍ എത്തിച്ചു. ഇനിയും കുറവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ആശങ്കയായി പണപ്പെരുപ്പത്തിന്റെ പുതിയ കണക്ക് പുറത്തുവന്നത്.
വരുംമാസങ്ങളില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കില്‍ കുറവു വരുത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണ് ബ്രിട്ടനിലെ ജനങ്ങളില്‍ മഹാഭൂരിപക്ഷവും. എല്ലാ വീട്ടുടമകളുടെയും പ്രധാന ചെലവായ മോര്‍ഗേജ് പേയ്മെന്റില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതാണ് പലിശ നിരക്കിലെ ഓരോ ചെറിയ മാറ്റങ്ങളും. അതുകൊണ്ടുതന്നെ ഈ തീരുമാനത്തെ സ്വാധീനിക്കുന്ന പണപ്പെരുപ്പത്തിലെ വര്‍ധനയ്ക്ക് ഇപ്പോള്‍ വലിയ പ്രാധാന്യമാണുള്ളത്.
സെപ്റ്റംബറില്‍ മൂന്ന് വര്‍ഷത്തെ കുറഞ്ഞ പണപ്പെരുപ്പ നിരക്കായ 1.7 ശതമാനത്തിലേക്ക് താഴ്ന്ന ശേഷമാണ് ഈ തിരിച്ചുകയറ്റം. ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന എനര്‍ജി പ്രൈസ് ക്യാപ്പിലെ 9.5% വര്‍ദ്ധനവാണ് ഇതില്‍ പ്രധാന സംഭാവന നല്‍കിയത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗ്യാസിനും, വൈദ്യുതിക്കും ചെലവേറിയതാണ് പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കിയതെന്ന് ഒഎന്‍എസ് വ്യക്തമാക്കി. ഡിസംബറില്‍ ബേസ് റേറ്റ് 4.5 ശതമാനമായി കുറയ്ക്കുമെന്നായിരുന്നു വിപണിയുടെ പ്രതീക്ഷ. എന്നാല്‍ പണപ്പെരുപ്പ നിരക്ക് പുറത്തായതോടെ ആ പ്രതീക്ഷ മാഞ്ഞു. ബജറ്റില്‍ ചാന്‍സലര്‍ മിനിമം വേജ്, നാഷണല്‍ ഇന്‍ഷുറന്‍സ് എന്നിവ വര്‍ദ്ധിപ്പിച്ചത് പണപ്പെരുപ്പത്തില്‍ സമ്മര്‍ദമേറ്റുമെന്ന് ആശങ്കയുണ്ടായിരുന്നു.