ബജറ്റിന്റെ പ്രകമ്പനങ്ങള്‍; പൗണ്ട് ഇടിഞ്ഞു താഴുന്നു
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നികുതി ബോംബിന്റെ തുടര്‍പ്രകമ്പനങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. സര്‍ക്കാര്‍ ബോണ്ടുകള്‍ക്ക് കാലിടറിയതോടെ പഴയ ലിസ് ട്രസ്സ് കാലഘട്ടത്തിലേക്ക് പോകുകയാണ് കാര്യങ്ങള്‍. പൗണ്ട് മൂല്യം ഇടിഞ്ഞു താഴ്ന്നു. രൂപയ്‌ക്കെതിരെ 105.93 എന്ന നിലയിലും ഡോളറിനെതിരെ 1.23 ആയും പൗണ്ട് മൂല്യം ഇടിഞ്ഞു.
ഡോളറിനെതിരെ സമീപകാലത്തു പൗണ്ട് 1.33 എന്ന നിലയിലും രൂപയ്‌ക്കെതിരെ 111.22 എന്ന നിലയിലും എത്തിയതായിരുന്നു. ബജറ്റ് അവതരണത്തിന് തൊട്ടു പിന്നാലെയുണ്ടായ ഇടിവ് ഇപ്പോള്‍ കൂടുതല്‍ രൂക്ഷമായി. വായ്പ ചെലവ് വര്‍ദ്ധിക്കുകയും പൗണ്ടിന്റെ മൂല്യം ഇടിയുകയും ചെയ്യുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
സര്‍ക്കാര്‍ ബോണ്ടുകള്‍ക്ക് നല്‍കേണ്ടുന്ന തുക വര്‍ദ്ധിച്ചു വരികയാണ്. വീണ്ടും നികുതി വര്‍ദ്ധിപ്പിക്കുകയോ പൊതു ചെലവുകള്‍ കുറയ്ക്കുകയോ ചെയ്യാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബോണ്ട് യീല്‍ഡ് എന്ന് സാങ്കേതികമായി പറയുന്ന, ബോണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നല്‍കുന്ന തുക എല്ല പ്രധാന സമ്പദ് വ്യവസ്ഥകളിലും ഉയര്‍ന്ന് വരികയാണ്. എന്നാല്‍, അവിടങ്ങളിലെല്ലാം ഇത് ആ രാജ്യങ്ങളിലെ കറന്‍സിയുടെ മൂല്യം ഉയര്‍ത്തുമ്പോള്‍ ബ്രിട്ടനില്‍ പൗണ്ടിന്റെ മൂല്യം കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുകയാണ്.
കുറഞ്ഞ വളര്‍ച്ചാ നിരക്കും വര്‍ദ്ധിച്ചു വരുന്ന പൊതു കടവും പിടിതരാതെ നില്‍ക്കുന്ന പണപ്പെരുപ്പവുമെല്ലാം ബ്രിട്ടനെ വല്ലാതെ വലയ്ക്കുകയാണിപ്പോള്‍.
യു കെയുടെ പൊതുധനം മറ്റു പല വികസിത രാജ്യങ്ങളിലേതിനേക്കാള്‍ അപകടകരമായ അവസ്ഥയിലാണെന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റി പറയുന്നത്. ബ്രിട്ടന്റെ ബോണ്ടുകള്‍ ഏറെയും വിദേശ നിക്ഷേപകരുടെ കൈവശമാണ്. മാത്രമല്ല, രാജ്യത്ത് പലപ്പോഴും കറന്റ് അക്കൗണ്ട് കമ്മിയും ഉണ്ടാകാറുണ്ട്. ഇത് വിപണിയുടെ സ്വഭാവം പെട്ടെന്ന് മാറാന്‍ ഇടയാക്കിയേക്കും എന്നും അവര്‍ പറയുന്നു.
സാമ്പത്തിക രംഗം അടിമുടി കുഴഞ്ഞു മറിഞ്ഞതോടെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ചൈനീസ് സന്ദര്‍ശനം റദ്ദാക്കണമെന്ന ആവശ്യത്തിന് ശക്തി കൂടി. ഇതുപോലൊരു അവസ്ഥയില്‍, ഈ വാരാന്ത്യത്തില്‍ നടത്താന്‍ ഇരുന്ന സന്ദര്‍ശനം റേേദ്ദക്കണമെന്നാണ് ടോറികളും ലിബറല്‍ ഡെമോക്രാറ്റുകളും ആവശ്യപ്പെടുന്നത്. പൗണ്ട് സ്റ്റെര്‍ലിംഗിന്റെ വില കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുകയാണ്.
ചില സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നത് ലിസ് ട്രസ്സിന്റെ കാലത്ത് ഉണ്ടായതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ എന്നാണ്. 1976 -ല്‍ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ അന്താരാഷ്ട്ര നാണയ നിധിയുടെ സഹായം തേടിയതുമായിപോലും പലരും ഇന്നത്തെ സാഹചര്യത്തെ താരതമ്യം ചെയ്യുന്നുണ്ട്. അതേസമയം, ഇത്രയും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പോലും ജനപ്രതിനിധി സഭയില്‍ ഒരു അടിയന്തിര ചോദ്യത്തിന് ഉത്തരം പറയാന്‍ ചാന്‍സലര്‍ എത്തിയില്ല.
പലിശ നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്കിടയില്‍ ഇല്ലാതായതോടെയാണ് പൗണ്ടിന്റെ മൂല്യം നേരത്തെ ഉയര്‍ന്നത് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അതോടൊപ്പം തന്നെ ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുമെന്ന വിപണി പ്രതീക്ഷയും പൗണ്ടിന്റെ മൂല്യം ഉയരുന്നതിന് ഇടയാക്കിയിരുന്നു. എന്നാല്‍ ബജറ്റിന് ശേഷം അതിനൊക്കെ മങ്ങലേറ്റിരിക്കുകയാണ്.
യുകെ സ്റ്റോക്ക് മാര്‍ക്കറ്റുകളും ഇടിഞ്ഞു. 70 ബില്ല്യണ്‍ പൗണ്ടിന്റെ നിക്ഷേപ പദ്ധതികള്‍ക്കായി കൂടുതല്‍ കടം എടുക്കാനുള്ള ചാന്‍സലറുടെ നീക്കമാണ് വിപണികളെ ഞെട്ടിച്ചത്.
ഇതിന് പുറമെ പണപ്പെരുപ്പം ശക്തിയോടെ 2 ശതമാനത്തിന് മുകളില്‍ നില്‍ക്കുമെന്ന ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പ്രവചനവും തിരിച്ചടിയായി.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വേഗത്തില്‍ കുറയ്ക്കില്ലെന്ന് വ്യക്തമായതോടെ ബ്രിട്ടീഷ് ഭവനനിര്‍മ്മാതാക്കളുടെ ഓഹരികള്‍ വിപണിയില്‍ തകര്‍ന്നു. ബജറ്റിന് മുന്‍പ് പ്രതീക്ഷിച്ച നിലയില്‍ ഇനി പലിശ നിരക്ക് താഴില്ലെന്ന് അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് സാധ്യത മങ്ങിയത്.
ചാന്‍സലര്‍ പ്രഖ്യാപിച്ച കടമെടുപ്പ് ചെലവുകള്‍ പണപ്പെരുപ്പത്തെ സമ്മര്‍ദത്തിലാക്കുകയും, പലിശ കുറയ്ക്കുന്നത് വേഗത്തിലാക്കാനുള്ള ബാങ്ക് നടപടികള്‍ക്ക് പാര വെയ്ക്കുകയും ചെയ്യും.