വ്യക്തി പൂജക്കെതിരെയുള്ള സിപിഎം ഇന്ന് പിണറായി വിജയന്‍ എന്ന വിഗ്രഹത്തിനു ചുറ്റും കറങ്ങുകയാണ്. എങ്ങനെയൊക്കെ പുകഴ്ത്തിയാലാണ് കാരണഭൂതന്റെ പരാതി കിട്ടുക എന്ന് വിചാരിച്ചു അണികള്‍ വാഴ്ത്തുപാട്ടുകളാണ്. കാരണഭൂതന്‍ മെഗാതിരുവാതിരയ്ക്കു ശേഷം പിണറായി സ്തുതി ഗീതം കളം നിറയുകയാണ്.
തിരുവനന്തപുരത്ത് സിപിഎം അനുഭാവികളായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ (കെ.എസ്.ഇ.എ) സംഘടിപ്പിച്ച ചടങ്ങില്‍ വാഴ്ത്തുപാട്ട് പാടി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പാട്ട് പാടിയത്. മുഖ്യമന്ത്രി വേദിയിലേക്ക് എത്തുന്നതിന് മുന്‍പ് പാട്ട് തീര്‍ക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ പാട്ടിനിടയില്‍ മുഖ്യമന്ത്രി വേദിയിലേക്ക് കടന്ന് വരികയായിരുന്നു.
അതേസമയം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചെഴുതിയ വാഴ്ത്തുപാട്ട് ഒഴിവാക്കാന്‍ ആലോചനയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പാടുന്നത് ഒഴിവാക്കുമെന്നായിരുന്നു അറിയിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് പാട്ട് പുറത്തിറങ്ങിയത്.
കെഎസ്ഇഎ അംഗം പൂവത്തൂര്‍ ചിത്രസേനന്‍ എഴുതിയ ഗാനം പിണറായിയെ ഒരുതരം യുദ്ധവീരനായി ചിത്രീകരിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്: “ചെമ്പടക്ക് കാവലാള്‍, ചെങ്കനല്‍ കണക്കൊരാള്‍…” എന്നാണ് പാട്ടിന്റെ തുടക്ക വരികള്‍. കൊറോണയെയും നിപ്പയെയും കൊന്നൊടുക്കിയതിനും പ്രകൃതിദുരന്തങ്ങളില്‍ നിന്ന് കേരളത്തെ രക്ഷിച്ചതിനും മാത്രമല്ല, കേരളത്തിലെ ഫ്യൂഡലിസം അവസാനിപ്പിച്ചതിനും ഈ ഗാനം അദ്ദേഹത്തെ ആദരിക്കുന്നു. മുന്നേ ഇറങ്ങിയ ഒരു ആരാധക വീഡിയോ ഒരിക്കല്‍ സിപിഎം നേതാവ് പി ജയരാജനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപക അംഗങ്ങളിലൊരാളായ പി കൃഷ്ണപിള്ളയോട് ഉപമിച്ചിരുന്നു. അന്ന് അത്തരം പ്രവണതകളെ രൂക്ഷമായി വിമര്‍ശിച്ചവരില്‍ ഒരാളാണ് പിണറായി വിജയന്‍.