തിരുവനന്തപുരം: ലണ്ടനിലെ ഹീത്രുവിലേക്കും തായ്ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കും തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ് തുടങ്ങുന്നു. എയര്‍ഏഷ്യയാണ് ബാങ്കോക്ക് സര്‍വീസിനായി രംഗത്തുള്ളത്. ഇതോടെ തായ്ലാന്‍ഡിലേക്കുള്ള സഞ്ചാരികള്‍ക്ക് നേരിട്ടുള്ള സര്‍വീസ് ലഭ്യമാവും.അദാനിയുടെ നടത്തിപ്പിലുള്ള ലഖ്‌നൗ വിമാനത്താവളത്തില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിന് ബാങ്കോക്കിലേക്ക് സര്‍വീസുണ്ട്. അവരും തിരുവനന്തപുരത്തു നിന്നുള്ള ബാങ്കോക്ക് സര്‍വീസിന് അനുമതിക്ക് ശ്രമിക്കുന്നുണ്ട്. ഓര്‍ഡര്‍ ചെയ്തിരിക്കുന്ന പുതിയ വിമാനങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് ബാങ്കോക്ക് സര്‍വീസ് തുടങ്ങുമെന്നാണ് അറിയുന്നത്.
നേരിട്ടുള്ള സര്‍വീസുകള്‍ വരുന്നതോടെ തായ്ലാന്‍ഡിലേക്ക് കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് കൂടും.അടുത്ത വേനല്‍ക്കാല സീസണില്‍ എയര്‍ഏഷ്യ തിരുവനന്തപുരം- ബാങ്കോക്ക് സര്‍വീസ് പ്രഖ്യാപിച്ചേക്കും. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് എയര്‍ഇന്ത്യയുടെ സര്‍വീസിനായും നടപടി പുരോഗമിക്കുകയാണ്.
യു.കെയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഹീത്രുവിലേക്ക് നേരിട്ടുള്ള സര്‍വീസിനാണ് അനുമതി തേടിയത്. ഹീത്രു സര്‍വീസ് വരുന്നതോടെ ലണ്ടനില്‍ പഠനത്തിനും ജോലിക്കുമായി പോകുന്ന മലയാളികള്‍ക്ക് നാട്ടിലേക്ക് നേരിട്ടുള്ള യാത്രാസൗകര്യമൊരുങ്ങും. വേനല്‍ക്കാല ഷെഡ്യൂളില്‍ ഹീത്രു സര്‍വീസ് പ്രഖ്യാപിക്കാനിടയുണ്ടെന്ന് വിമാനത്താവള അധികൃതര്‍ പറയുന്നു.
ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, തായ്ലാന്‍ഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റിക്കായി മലേഷ്യയിലേക്ക് രണ്ട് വിമാനക്കമ്പനികള്‍ തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തുന്നുണ്ട്.മലേഷ്യന്‍ എയര്‍ലൈന്‍സ്,എയര്‍ഏഷ്യ എന്നിവയ്ക്കാണ് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് സര്‍വീസുള്ളത്. കൊച്ചിയിലേക്കാള്‍ കുറഞ്ഞ നിരക്കിലാണ് മിക്കപ്പോഴും ഈ സര്‍വീസുകള്‍.തിരുവനന്തപുരത്ത് ഏറ്റവും യാത്രക്കാരുള്ളത് എയര്‍ഇന്ത്യ എക്‌സ്പ്രസ്,ഇന്‍ഡിഗോ,എയര്‍അറേബ്യ വിമാനക്കമ്പനികള്‍ക്കാണ്.