വടക്കന്‍ പറവൂര്‍: ചേന്ദമംഗലത്ത് ദമ്പതികളെയും മകളെയും അയല്‍വാസിയായ യുവാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (കണ്ണന്‍, 60), ഭാര്യ ഉഷ (52), മകള്‍ വിനിഷ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ വിനിഷയുടെ ഭര്‍ത്താവ് ജിതിന് ബോസിന് (36) പരിക്കേറ്റു. ജിതിനെ മാത്രം ആക്രമിക്കുകയായിരുന്നു ഉദ്ദേശമെന്ന് പ്രതി റിതു ജയന്‍ പൊലീസിന് മൊഴി നല്‍കി.
ജിതിനെ ആക്രമിക്കുന്നത് തടുക്കാന്‍ ശ്രമിച്ചപ്പോഴാണ് വേണുവിനെയും ഉഷയേയും ആക്രമിച്ചത്. ഇതുകണ്ട് ഓടിയെത്തിയ വിനിഷയുടെ തലയ്ക്കടിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ആക്രമണത്തിന് ശേഷം പ്രതി വസ്ത്രം മാറി പുറത്തിറങ്ങിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജിതിനും അയല്‍വാസികളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
റിതു രാജിനെ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യും. മുന്‍ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ജിതിന് ബോസിപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടത്തും. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം വൈകിട്ട് നടക്കും.
പ്രതി റിതു സ്ഥിരം കുറ്റവാളി ആണെന്ന് പോലീസ് പറയുന്നു. കഞ്ചാവ് അടക്കമുള്ള ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നയാളാണ് റിതുവെന്നും അയല്‍വാസികളുമായി നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. റിതുവിനെതിരേ പോലീസില്‍ പല തവണ പരാതിപ്പെട്ടിരുന്നുവെങ്കിലും മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയായിരുന്നു പതിവെന്നും നാട്ടുകാര്‍ പറയുന്നു.
വ്യക്തിവൈരാഗ്യം മൂലമാണ് പ്രതി ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. കൊലപാതകത്തിനു ശേഷം ജിതിന്റെ ബൈക്ക് എടുത്താണ് റിതു പോലീസ് സ്റ്റേഷനിലേക്ക് പോയത്.