ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ജനസംഖ്യയുടെ 3.8 ശതമാനം ആളുകള്‍ വിഷാദരോഗം മൂലം ബുദ്ധിമുട്ടുന്നവരാണ്. ഇത് ഏകദേശം 280 ദശലക്ഷം വരും എന്നാണ് കണക്കാക്കുന്നത്. പ്രതികൂല ജീവിത സാഹചര്യങ്ങള്‍, ശാരീരിക അസ്വാസ്ഥ്യം, സമ്മര്‍ദ്ദം എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ വിഷാദരോഗം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെങ്കിലും, അതിന് ഒരു ജനിതക ഘടകവുമുണ്ട്. പലരും തങ്ങള്‍ക്കു വിഷാദ രോഗമാണെന്ന് തിരിച്ചറിയുന്നില്ല എന്നതാണ് വസ്തുത. ഇപ്പോഴിതാ വിഷാദരോഗം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം പകരുന്ന ഒരു വാര്‍ത്ത പുറത്ത് വന്നിരിക്കുന്നു. വിഷാദരോഗങ്ങള്‍ക്ക് കാരണമാകുന്ന 300 ജനതക ഘടകങ്ങളെ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെയും കിംഗ്സ് കോളേജ് ലണ്ടന്റെയും നേതൃത്വത്തിലുള്ള ഒരു അന്താരാഷ്ട്ര ഗവേഷക സംഘം ആണ് സുപ്രധാന കണ്ടെത്തല്‍ നടത്തിയത്. 29 രാജ്യങ്ങളിലെ 5 ദശലക്ഷത്തിലധികം ആളുകളില്‍ നിന്നുള്ള ജനിതക വിവരങ്ങള്‍ വിശകലനം ചെയ്താണ് വിഷാദ രോഗത്തിലേയ്ക്ക് നയിക്കുന്ന കാരണങ്ങളെ വിശകലനം ചെയ്തത്. പഠനത്തില്‍ ഉള്‍പ്പെടുത്തിയ നാലില്‍ ഒരാള്‍ യൂറോപ്യന്‍ ഇതര പൂര്‍വികരില്‍ നിന്നുള്ളവരാണ്.
നേരത്തെ നടത്തിയ ഇത്തരം പഠനത്തില്‍ കൂടുതലായും വെള്ളക്കാരെയും സാധാരണ വിഭാഗത്തില്‍പ്പെട്ടവരെയും ഉള്‍പ്പെടുത്തിയായിരുന്നു. എന്നാല്‍ പുതിയ പഠനത്തില്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന ജനവിഭാഗത്തെ ഉള്‍പ്പെടുത്തിയതാണ് പുതിയ ജനിതക ഘടകങ്ങളെ തിരിച്ചറിയുന്നതിന് വഴിവെച്ചത്. സെല്‍ എന്ന ജേണലിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഗവേഷണത്തില്‍ വിഷാദരോഗം ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട് വ്യക്തികളുടെ ജനിതക കേസിലെ 700 വ്യത്യാസങ്ങള്‍ കണ്ടെത്തിയത് സുപ്രധാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആഫ്രിക്കന്‍, കിഴക്കന്‍ ഏഷ്യന്‍, ഹിസ്പാനിക്, ദക്ഷിണേഷ്യന്‍ വംശജരായ ആളുകളെ പഠനത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ മുമ്പ് അറിയപ്പെടാത്ത 100 ജനിതക വ്യത്യാസങ്ങള്‍ പ്രത്യേകമായി തിരിച്ചറിഞ്ഞു. വിഷാദരോഗങ്ങളെ കുറിച്ചുള്ള നമ്മുടെ അറിവ് വളരെ കുറവാണെന്നും അതുകൊണ്ടുതന്നെ ചികിത്സാ രീതിയില്‍ ഇനിയും പുരോഗതി കൈവരിക്കാനുണ്ടെന്നും പഠനത്തിന് നേതൃത്വം നല്‍കിയ എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ക്ലിനിക്കല്‍ ബ്രെയിന്‍ സയന്‍സസില്‍ നിന്നുള്ള പ്രൊഫസര്‍ ആന്‍ഡ്രൂ മക്കിന്റോഷ് പറഞ്ഞു.