യു.കെ.വാര്‍ത്തകള്‍

അരുണ്‍ വിന്‍സെന്റിന് കണ്ണീരില്‍ കുതിര്‍ന്ന യാതാമൊഴിയേകി വില്‍ഷെയര്‍ മലയാളി സമൂഹം

അരുണ്‍ വിന്‍സെന്റിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി സ്വിന്‍ഡനിലെ മലയാളി സമൂഹം. വില്‍ഷെയര്‍ മലയാളി സമൂഹവും ബന്ധുമിത്രാദികളും ചേര്‍ന്നടങ്ങിയ വലിയൊരു മലയാളി സമൂഹമാണ് അന്ത്യോപചാരമര്‍പ്പിക്കുവാന്‍ സ്വിന്‍ഡനിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ ഒത്തുചേര്‍ന്നത്. ഉറക്കത്തിലെന്ന പോലെ ശാന്തനായി കിടന്ന അരുണിന്റെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടി കരയുകയായിരുന്നു ഭാര്യയും മക്കളും സുഹൃത്തുക്കളുമെല്ലാം. പ്രിയപ്പെട്ടവനരികെ അദ്ദേഹത്തിന്റെ മുടിയിഴകള്‍ തലോടി ലിയ നിന്നപ്പോള്‍ കണ്ടുനിന്നവര്‍ക്കും ആ കാഴ്ച സഹിക്കാന്‍ കഴിയുമായിരുന്നില്ല.

കാലത്തില്‍ യാത്രയാകേണ്ടിവന്ന അരുണ്‍ വിന്‍സെന്റിന്റെ പൊതുദര്‍ശന ശുശ്രൂഷകള്‍ ദുഃഖം ഏറെ തളം കെട്ടി നിന്ന അന്തരീക്ഷത്തിലാണ് നടന്നത്. കുറച്ചു കാലമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു 37കാരനായിരുന്ന അരുണ്‍ വിന്‍സെന്റ്. നാട്ടില്‍ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അരുണ്‍ മരണം സംഭവിക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് അനിയത്തിയുടെ വിവാഹം കൂടി യുകെയിലേക്ക് തിരിച്ചെത്തിയത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ഇക്കഴിഞ്ഞ ജനുവരി 23ന് മരണം സംഭവിക്കുകയും ആയിരുന്നു.

ലിയാ അരുണ്‍ ആണ് ഭാര്യ. ഇവര്‍ക്ക് മക്കളായി ആറും നാലും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളാണുള്ളത്. ടൗണ്‍ സെന്ററിലാണ് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്. അരുണിന്റെ വിയോഗത്തില്‍ തളര്‍ന്നുപോയ കുടുംബത്തോടൊപ്പം വലിയ സാന്ത്വനമായി വില്‍ഷെയര്‍ മലയാളി സമൂഹം കൂടെയുണ്ട്. അരുണിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്.

അസോസിയേഷന്റെ നേതൃത്വത്തില്‍ ഏറെ ഭംഗിയായും ചിട്ടയായും ആണ് പൊതുദര്‍ശന വേള ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ക്രമീകരിക്കപ്പെട്ടത്. പൊതുദര്‍ശനത്തോടനുബന്ധിച്ച് നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ ഫാദര്‍ ഷാല്‍ബിന്‍ മരോട്ടിക്കുഴി മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട അനുശോചന സമ്മേളനത്തില്‍ പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ച് അനുശോചനമറിയിച്ചു.

വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി ഷിബിന്‍ വര്‍ഗീസ് അനുശോചനയോഗം ഏറെ കൃത്യതയോടെ ക്രോഡീകരിച്ചു. പൊതുദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ അനുശോചന സമ്മേളനത്തില്‍ അബ്രഹാം മാര്‍ സ്‌തേഫാനോസ് മെട്രോപൊളിറ്റന്‍ തിരുമേനി അനുശോചനം അറിയിച്ചു പ്രാര്‍ത്ഥിച്ചു. ഹോളി ഫാമിലി പള്ളി ഇടവക വികാരി ഫാദര്‍ നാം ഡി ഓബി, ക്‌നാനായ ജാക്കോബൈറ്റ് കമ്മ്യൂണിറ്റിക്ക് വേണ്ടി ഫാദര്‍ സിജോ ജോസഫ്, സെന്റ് ജോര്‍ജ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിനെ പ്രതിനിധീകരിച്ച് ഫാദര്‍ എബി ഫിലിപ്പ്, ഇന്ത്യന്‍ പെന്തകൊസ്തു കമ്മ്യൂണിറ്റി, സീനായി മിഷനുവേണ്ടി പാസ്റ്റര്‍ സിജോ ജോയ് എന്നിവര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം അന്ത്യോപചാരമാര്‍പ്പിച്ചു.

തുടര്‍ന്ന് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് പ്രിന്‍സ്‌മോന്‍ മാത്യു, ജിജി വിക്ടര്‍, ഗ്രേറ്റ് വെസ്റ്റേണ്‍ ഹോസ്പിറ്റലിലെ വിവിധ വാര്‍ഡുകളെ പ്രതിനിധീകരിച്ചു വാര്‍ഡ് പ്രതിനിധികളും അന്തിമോപചാരമര്‍പ്പിച്ചു. സീറോ മലബാര്‍ സ്വിന്‍ഡന്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി ജോര്‍ജ് കുര്യാക്കോസും ബേബി ചീരനും അനുശോചനം അറിയിച്ചു. സ്വിന്‍ഡന്‍ ക്‌നാനായ മിഷനുവേണ്ടി മാത്യു ജെയിംസ്, വിവിധ സംഘടനകളെയും കൂട്ടായ്മകളെയും പ്രതിനിധീകരിച്ച് റെയ്മോള്‍ നിധീരി, പൂര്‍ണിമ മേനോന്‍, അഞ്ജന സുജിത്ത് എന്നിവര്‍ അനുശോചനം അര്‍പ്പിച്ചു.

തുടര്‍ന്ന് അരുണ്‍ വിന്‍സെന്റിന്റെ കുടുംബത്തിന് വേണ്ടി റോസ്മിയും വില്‍ഷെയര്‍ മലയാളി അസോസിയേഷനുവേണ്ടി ട്രഷറര്‍ കൃതീഷ് കൃഷ്ണന്‍ നന്ദിയും അറിയിച്ചു. ശവസംസ്‌കാര തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

  • മൂന്ന് വാരാന്ത്യങ്ങളില്‍ എം25 ജംഗ്ഷന്‍ 10 അടക്കും; എയര്‍പോര്‍ട്ട് യാത്രക്കാര്‍ മുന്‍കരുതല്‍ എടുക്കുക
  • കെന്റില്‍ വാലന്റൈന്‍സ് ദിനത്തില്‍ യുവതിയെ കുത്തികൊന്ന പങ്കാളി ജീവനൊടുക്കി
  • കടമെടുപ്പ് ചെലവുകള്‍ ഉയര്‍ന്നു; വൈറ്റ്ഹാള്‍ ബജറ്റുകള്‍ 11% വെട്ടിച്ചുരുക്കാന്‍ ചാന്‍സലര്‍
  • ദേശീയ ഇന്‍ഷുറന്‍സ്, മിനിമം വേതനം കൂട്ടല്‍ ചെറുകിട മേഖലയെ തകര്‍ക്കുന്നു, മലയാളികള്‍ ആശങ്കയില്‍
  • നഴ്‌സുമാര്‍ വീണ്ടും സമരം ചെയ്യേണ്ടി വരുമോ? സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ തൃപ്തിയില്ലാതെ യൂണിയനുകള്‍
  • ടൊറന്റോയില്‍ വിമാനം ഇടിച്ചിറങ്ങി, തലകീഴായി മറിഞ്ഞു തീപിടിച്ചു! ജീവനോടെ രക്ഷപ്പെട്ട് 80 യാത്രക്കാര്‍; 15 പേര്‍ക്ക് പരുക്ക്
  • എന്‍എച്ച്എസ് അഡ്മിന്‍ സിസ്റ്റം തകരാര്‍; ടെസ്റ്റ് ഫലങ്ങള്‍ നഷ്ടമാകുന്നത് മുതല്‍ അപ്പോയിന്റ്‌മെന്റ് വൈകുന്നതും തിരിച്ചടി
  • ഓള്‍ഡ്ഹാം ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ മലയാളി നഴ്‌സിനെ കത്രിക കൊണ്ട് കഴുത്തില്‍ കുത്തിയ കേസ്; ജൂലൈ 14ന് വിചാരണ
  • എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വിലക്കി ബാര്‍നെറ്റ് കൗണ്‍സില്‍
  • പീറ്റര്‍ബറോയില്‍ വിട പറഞ്ഞ സോജന് തിങ്കളാഴ്ച അന്ത്യാഞ്ജലി; സംസ്‌കാരം 22ന് ചങ്ങനാശേരിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions