യുകെയിലെ കൗമാരക്കാര്‍ക്കിടയിലെ കത്തിയാക്രമണങ്ങളും മരണങ്ങളും പെരുകുന്നു. ഷെഫീല്‍ഡിലെ ഒരു സ്കൂളില്‍ 15 വയസ്സുള്ള വിദ്യാര്‍ഥിയാണ് ഏറ്റവും ഒടുവില്‍ കുത്തേറ്റ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.17നാണ് ഓള്‍ സെയിന്റ്സ് കാത്തലിക് ഹൈസ്കൂളില്‍ സംഭവം നടന്നത്.
ഹാര്‍വി വില്‍ഗൂസ് എന്ന വിദ്യാര്‍ഥിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഹാര്‍വിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 4 മണിയോടെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ മറ്റൊരു 15 വയസ്സുള്ള വിദ്യാര്‍ഥിയെ കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ക്ലാസ്സ്‌റൂമുകള്‍ അടച്ചിടുകയും സ്കൂള്‍ ഗ്രൗണ്ടുകള്‍ അടക്കുകയും ചെയ്തു. പൊലീസും എമര്‍ജന്‍സി സര്‍വീസുകളും സ്ഥലത്തെത്തിയിരുന്നു.സ്കൂളിന് പുറത്ത് നിരവധി ആളുകള്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ഹാര്‍വിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഹാര്‍വി കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് വരെ സുഹൃത്ത് ഭീഷണി മെസ്സേജുകള്‍ അയ്ച്ചതായി പറയപ്പെടുന്നു. കഴിഞ്ഞ ആഴ്ച സ്കൂളില്‍ വെച്ച് ഹാര്‍വിയെ ഒരാള്‍ കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കേസില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും വിവരങ്ങള്‍ അറിയാമെങ്കില്‍, 101 എന്ന നമ്പറില്‍ വിളിക്കാനോ അല്ലെങ്കില്‍ 0800 555 111 എന്ന നമ്പറില്‍ ക്രൈംസ്റ്റോപ്പേഴ്സുമായി ബന്ധപ്പെടാനോ പൊലീസ് അഭ്യര്‍ത്ഥിച്ചു.