ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 4.5% ആയി കുറച്ചു; മുന്നിലുള്ളത് വെല്ലുവിളിയെന്ന് മുന്നറിയിപ്പ്
മോര്‍ട്ട്‌ഗേജ് വിപണിക്ക് ആശ്വാസമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്കുകള്‍ 4.5% ആയി കുറച്ചു. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ അവലോകന യോഗത്തിലാണ് അടിസ്ഥാന പലിശ നിരക്കുകള്‍ 4.75 ശതമാനത്തില്‍ നിന്ന് 0.25 ശതമാനം കുറച്ച് 4.5 ശതമാനമാക്കിയത്. അവലോകന യോഗത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിനെ 7 പേര്‍ അനുകൂലിച്ചപ്പോള്‍ രണ്ട് പേര്‍ എതിര്‍ത്തു .
പലിശ നിരക്ക് കുറയ്ക്കാന്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് അവലോകന യോഗം ചര്‍ച്ച ചെയ്‌തത്. ലേബര്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റും ട്രംപിന്റെ വ്യാപാര നയങ്ങളും കൂടുതല്‍ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അവലോകനയോഗം പരിഗണിച്ചു. ഇതിനെ തുടര്‍ന്നാണ് പലിശ നിരക്ക് കുറയ്ക്കാനുള്ള സുപ്രധാന തീരുമാനം ബാങ്ക് കൈകൊണ്ടത്. പലിശ നിരക്ക് കുറയ്ക്കാന്‍ സാധിച്ചത് മിക്കവര്‍ക്കും സ്വാഗതാര്‍ഹമായ വാര്‍ത്തയായിരിക്കുമെന്ന് സുപ്രധാന തീരുമാനം അറിയിച്ചുകൊണ്ട് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു.
നിലവില്‍ 2023 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് വായ്പാ ചിലവുകള്‍. 2022 ലെ രണ്ടാം പകുതിയില്‍ 11 ശതമാനമായി ഉയര്‍ന്ന പണപെരുപ്പം പടിപടിയായി കുറഞ്ഞു വന്നതിനെ തുടര്‍ന്നാണ് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധിച്ചതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിലക്കയറ്റവും മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയും ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരം നല്‍കുമെന്ന് പലിശ നിരക്ക് കുറച്ചുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2025 ലെ വളര്‍ച്ചാ നിരക്ക് നേരത്തെ പ്രവചിച്ച 1.5 ശതമാനത്തില്‍ നിന്ന് 0.75 ശതമാനമായി കുറച്ചിരുന്നു. ഇതുകൂടാതെ പണപെരുപ്പം 3.7 ശതമാനമാകുമെന്ന ആശങ്കകളും നിലവിലുണ്ട്. ഇത് സര്‍ക്കാര്‍ നിശ്ചയിച്ച 2 ശതമാനത്തിന്റെ ഇരട്ടിയാണ് .
എല്ലാ വീട്ടുടമകളുടെയും പ്രധാന ചെലവായ മോര്‍ഗേജ് പേയ്മെന്റില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതാണ് പലിശ നിരക്കിലെ ഓരോ ചെറിയ മാറ്റങ്ങളും. അതുകൊണ്ടുതന്നെ ഈ തീരുമാനത്തെ സ്വാധീനിക്കുന്ന പണപ്പെരുപ്പത്തിലെ വര്‍ധനയ്ക്ക് ഇപ്പോള്‍ വലിയ പ്രാധാന്യമാണുള്ളത്.