അഭയാര്‍ഥികള്‍ക്ക് ബ്രിട്ടിഷ് പൗരത്വം ഇനി സ്വപ്നം; അനധികൃത കുടിയേറ്റം തടയാന്‍ പുതിയ നിയമം
ലണ്ടന്‍: അപകടകരമായ രീതിയില്‍ ബോട്ടിലും വാനിലും ട്രക്കുകളുടെ പിന്നിലും നുഴഞ്ഞുകയറി ജീവന്‍ പണയം വച്ച് ബ്രിട്ടനിലെത്തി സ്ഥിരതാമസത്തിന് മോഹിക്കുന്നവര്‍ക്ക് തടയിട്ട് സര്‍ക്കാര്‍. ഇത്തരത്തില്‍ അനധികൃത ബോട്ടിലും ട്രക്കുകളിലും അഭയാര്‍ഥികളായി എത്തുന്നവര്‍ എത്രകാലം ബ്രിട്ടനിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിഞ്ഞാലും അവര്‍ക്ക് പൗരത്വം നല്‍കേണ്ടതില്ലെന്ന നിര്‍ദേശം പുതിയ ഗൈഡ് ലൈനില്‍ ഉള്‍പ്പെടുത്തുകയാണ് ബ്രിട്ടിഷ് സര്‍ക്കാര്‍. ഇതോടെ ബ്രിട്ടിഷ് പൗരത്വം മോഹിച്ച് ജീവന്‍ പണയം വച്ച് ഇംഗ്ലിഷ് ചാനല്‍ കടന്ന് എത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
അനധികൃതമായി എത്തുന്നവര്‍ പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ അവരുടെ കാലാവധി എത്രയായാലും കടന്നുവന്ന വഴി അനധികൃത ബോട്ടിലോ ട്രക്കിലോ ആണെങ്കില്‍ അപേക്ഷ നിരസിക്കുമെന്നാണ് ഹോം ഓഫിസ് വ്യക്തമാക്കുന്നത്. നിലവില്‍ അഭയാര്‍ഥി സ്‌റ്റാറ്റസിനായി അപേക്ഷ നല്‍കി ക്യാംപുകളില്‍ കഴിയുന്നവര്‍ക്കും ഈ ഗൈഡ് ലൈന്‍ ബാധകമായിരിക്കും. പുതിയ ഈ നിര്‍ദേശത്തിനെതിരേ ബ്രിട്ടിഷ് റഫ്യൂജി കൗണ്‍സിലും ചില ലേബര്‍ എംപിമാരും രംഗത്ത് എത്തിയിട്ടുണ്ട്. അഭയാര്‍ഥികളെ എന്നും രണ്ടാംതരം പൗരന്മാരായി കാണുന്നതിന്റെ മികച്ച ഉദാഹരണമാണിത് എന്നാണ് ഇവരുടെ വിമര്‍ശനം.
ഏതുവിധേനെയും ബ്രിട്ടനിലെത്തി അഭയാര്‍ഥി ക്യാംപിലോ ഷെല്‍ട്ടര്‍ഹോമിലോ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പൗരത്വത്തിന് പരിഗണിക്കുന്നതാണ് നിലവിലുള്ള രീതി. ഇത് മനസിലാക്കിയാണ് ദിവസേന ജീവന്‍ പണയം വച്ച് നൂറുകണക്ക് ആളുകള്‍ ഇംഗ്ലിഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തുന്നത്. ഇത്തരത്തില്‍ കടല്‍കടന്ന് എത്തുന്നവരെ നേരേ റുവാണ്ടയിലേക്ക് നാടുകടത്താനായിരുന്നു മുന്‍ ടോറി സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി എല്ലാ നിയമവും പാസാക്കി ഇരിക്കെയാണ് തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ മാറിയത്.
ടോറി സര്‍ക്കാരിന്റെ റുവാണ്ട പദ്ധതി റദ്ദാക്കാനുള്ള ബില്ല് കോമണ്‍സ് ക്ലിയര്‍ ചെയ്തുകഴിഞ്ഞു. ഇതിനു പിന്നാലെയാണ് അഭയാര്‍ഥികള്‍ക്ക് പൗരത്വം നിഷേധിക്കുന്ന പുതിയ നിര്‍ദേശവുമായി ഹോം ഓഫിസ് രംഗത്ത് എത്തിയിരിക്കുന്നത്.